മുൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അന്തരിച്ചു

0

ന്യൂഡൽഹി ∙ മുതിർന്ന ബിജെപി നേതാവും മുൻ ‌കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജ് (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർ‌ന്ന് ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യമന്ത്രിയും വാജ്പേയി മന്ത്രിസഭയിൽ വാർത്താവിതരണ–പ്രക്ഷേപണ മന്ത്രിയുമായിരുന്നു സുഷമ. ഹൃദയാഘാതത്തെത്തുടര്‍ന്ന് രാത്രി 9.50-ഓടെയാണ് സുഷമയെ ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച രാത്രി 11.15-ഓടെ ആയിരുന്നു അന്ത്യം. രാവിലെ 11 വരെ വസതിയിൽ പൊതുദർശനം. 12 മുതൽ മൂന്നു വരെ ബിജെപി ആസ്ഥാനത്ത് പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം മൂന്നു മണിക്ക് ലോധി റോഡ് വൈദ്യുത ശ്മശാനത്തിൽ നടക്കും.

ഏഴുതവണ ലോക്സഭാംഗമായ സുഷമ, 25-ാം വയസ്സില്‍ ഹരിയാണ മന്ത്രിസഭയിലാണ് ആദ്യമായി മന്ത്രിയാകുന്നത്. ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമയാണ്. ഹരിയാന അംബാല കന്റോൺമെന്റിൽ 1952 ഫെബ്രുവരി 14ന് ജനിച്ച സുഷമ, എഴുപതുകളിൽ വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. നിയമബിരുദം നേടിയ അവർ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭപരിപാടികളിൽ പങ്കെടുത്തു. 1977ൽ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി. 1980ൽ ജനതാ പാർട്ടിയിൽനിന്നു ജനസംഘ വിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതൽ സുഷമ പാർട്ടിയിലുണ്ട്.

1996-ല്‍ 13 ദിവസംമാത്രം അധികാരത്തിലിരുന്ന എ.ബി. വാജ്പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന സുഷമയാണ് ലോക്സഭാ ചര്‍ച്ചകള്‍ തത്മയം സംപ്രേഷണം ചെയ്യാനുള്ള വിപ്ലവകരമായ തീരുമാനമെടുത്തത്. 15-ാം ലോക്സഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. ബി.ജെ.പി.യുടെ അഖിലേന്ത്യാ സെക്രട്ടറിയും ഔദ്യോഗിക വക്താവുമായിരുന്നു. വിദേശകാര്യമന്ത്രിയായിരിക്കെ സമൂഹികമാധ്യമമായ ട്വിറ്ററിലൂടെ അടിയന്തരമായി പ്രശ്‌നങ്ങള്‍ പരിഹരിച്ച ജനപ്രിയയായിരുന്നു സുഷമ. കേന്ദ്രമന്ത്രിപദവിക്ക് മാനുഷികമുഖം നല്‍കിയവരിൽ മുൻനിരയിലാണ് സുഷമ സ്വരാജിനുള്ള സ്ഥാനം.

പതിനഞ്ചാം ലോക്സഭയിൽ സുഷമ സ്വരാജ് പ്രതിപക്ഷനേതാവായിരുന്നു. മൂന്ന് തവണ രാജ്യസഭയിലേക്കും നാല് തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016-ല്‍ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായ സുഷമ, ആരോഗ്യകാരണങ്ങളാല്‍ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണ് സുഷമയുടെ ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രി.