2022 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമ; പട്ടിക പുറത്തുവിട്ട് ഗൂഗിൾ

0

ഗൂഗിളിൽ ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് സെർച്ച് എൻജിൻ. രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്രയാണ് ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞിരിക്കുന്നത് എന്നാണ് ഗൂഗിൾ പുറത്തു വിട്ട പട്ടിക സൂചിപ്പിക്കുന്നത്.

സൂപ്പർ ഹിറ്റ് കന്നഡ ചിത്രം കെജിഎഫ് 2 ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഏറ്റവും കൂടുതൽ തിരഞ്ഞ ചോദ്യങ്ങൾ, ഇവന്റുകൾ, വ്യക്തിത്വങ്ങൾ എന്നിവയും ഗൂഗിൾ ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗാണ് ഇന്ത്യയിലെ ട്രെൻഡിങ് സെർച്ചിങ് വിഷയമായത്. ‘കൊവിഡ് വാക്‌സിൻ നിയർ മി’ എന്ന ചോദ്യമാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത്. ബ്രഹ്മാസ്ത്ര, കെജിഎഫ് 2 അടക്കമുള്ള ചിത്രങ്ങൾ ആഗോള ട്രെൻഡിങ് മൂവി സേർച്ചിങ് പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

അതേ സമയം തുടർച്ചയായ പരാജയങ്ങൾ കാരണം വലഞ്ഞ ബോളിവുഡിന് വലിയ ആശ്വാസമാണ് ബ്രഹ്മാസ്ത്രയുടെ വിജയം നൽകിയത്. വലിയ ബഡ്‌ജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ രൺബീർ കപൂറും ആലിയ ഭട്ടുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം അമിതാഭ് ബച്ചനും ചിത്രത്തിൽ ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രമായി എത്തിയപ്പോൾ ഷാരൂഖ് ഖാൻ ചിത്രത്തിൽ അതിഥി താരമായി അഭിനയിച്ചിരുന്നു.

അയൻ മുഖർജി സംവിധാനം ചെയ്യുന്ന രണ്ട് ഭാഗങ്ങളായിട്ടുള്ള ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്‍ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലെത്തിയത്. ബാഹുബലി, ആർആർആർ തുടങ്ങിയ സിനിമകളുടെ സംവിധായകനായ എസ് എസ് രാജമൗലിയാണ് മലയാളമടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ ചിത്രം അവതരിപ്പിച്ചത്. സംവിധായകൻ അയൻ മുഖർജിയും ഹുസൈൻ ദലാലും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ‘ബ്രഹ്‍മാസ്‍ത്ര’ റിലീസിനെത്തിയത്.