ട്വന്റി-20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ശ്രീനിവാസനും സിദ്ദീഖും ഉപദേശക സമിതി അംഗങ്ങൾ

0

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ട്വന്റി-20യുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ അഞ്ച്‌ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി പ്രമുഖ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി ട്വൻ്റി 20 ഉപദേശക സമിതി രൂപീകരിച്ചു.

ട്വൻ്റി 20യുടെ പുതിയ ഉപദേശക സമിതി അധ്യക്ഷനായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ചുമതലയേറ്റു. നടൻ ശ്രീനിവാസൻ സംവിധായകൻ സിദ്ധിഖ് ലക്ഷ്മി മേനോൻ ഡോ.ഷാജൻ കുര്യാക്കോസ്, ഡോ. വിജയൻ നങ്ങേലിൽ, അനിതാ ഇന്ദിരാഭായി എന്നിവരാണ് ഏഴംഗ ഉപദേശക സമിതി അംഗങ്ങൾ

ആറ് സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കുന്നത്തുനാട് ഡോ. സുജിത്ത് പി.സുരേന്ദ്രൻ സ്ഥാനാർത്ഥിയാകും. പെരുമ്പാവൂരിൽ ചിത്ര സുകുമാരനാകും സ്ഥാനാർത്ഥി. മൂവാറ്റുപുഴയിൽ സി.എൻ പ്രകാശാണ് മത്സരിക്കുന്നത്. ന്യൂസ് 18 ലെ മാധ്യമ പ്രവർത്തകനാണ് പ്രകാശ്. വൈപ്പിനിൽ ഡോ. ജോബ് ചക്കാലക്കലും സ്ഥാനാർത്ഥിയാകും.

കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫിന്റെ മരുമകന്‍ ഡോ.ജോസ് ജോസഫും ട്വന്റി-20യുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. കോതമംഗലം നിയമസഭാ മണ്ഡലത്തിലാണ് ഡോ.ജോസ് ജോസഫ് മത്സരിക്കുക. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി നോക്കുകയായിരുന്നു ജോസ് ജോസഫ്.