തൊണ്ടയാട് ജങ്ഷനില്‍ ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്‌

0

കോഴിക്കോട്: തൊണ്ടയാട് ജങ്ഷനില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജില്‍ ഭാഗത്ത് നിന്ന് ടൗണിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.18 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

കൂടരഞ്ഞി – കോഴിക്കോട് റൂട്ടിൽ ഓടുന്ന എലാൻട്ര എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. തൊണ്ടയാട് സിഗ്നലിന് സമീപം ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് എതിർവശത്തേക്ക് മറിയുകയായിരുന്നു. ബസിന്‍റെ ചക്രങ്ങൾ തേഞ്ഞ നിലയിലാണ്. ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കിയതായി ആർടിഒ അറിയിച്ചു.

മൂന്ന് ബസുകള്‍ ഒന്നിന് പുറകെ ഒന്നായി അമിത വേഗത്തില്‍ വരികയായിരുന്നുവെന്നും ഇതില്‍ രണ്ടാമത്തെ ബസാണ് അപകടത്തില്‍പ്പെട്ടതെന്നും നാട്ടുകാര്‍ പറയുന്നു. അമിതവേഗതയാണ് അപകടകാരണമന്നാണ് നാട്ടുകാരുടെ ആരോപണം. നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനും മുകളിലേക്കാണ് ബസ് മറിഞ്ഞത്. കാറിലും ബൈക്കിലും ഈ സമയത്ത് യാത്രക്കാര്‍ ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.