മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നയൻതാരക്കെതിരെ മധ്യപ്രദേശിൽ കേസ്

0

തമിഴ് ചിത്രം അന്നപൂർണിയുമായി ബന്ധപ്പെട്ട് നയൻതാരക്കെതിരെ മധ്യപ്രദേശിലെ ജബൽപൂരിൽ കേസ്. താരത്തെക്കൂടാതെ സിനിമാ സംവിധായകനും നെറ്റ്ഫ്ലിക്സ് അധികൃതർക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്ത് നൽകിയിരുന്നു.

ശ്രീരാമനെ നിന്ദിച്ചു, മതവികാരം വ്രണപ്പെടുത്തി, ലൗ ജിഹാദ് പ്രോത്സാഹിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹിന്ദു സേവാ പരിഷത്ത് ഉന്നയിക്കുന്നത്. ജനുവരി 8 ന് നായികമാരായ നയൻതാര, ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിർമ്മാതാക്കളായ ജതിൻ സേത്തി, ആർ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോയുടെ ചീഫ് ബിസിനസ് ഓഫീസർ ഷാരിഖ് പട്ടേൽ, നെറ്റ്ഫ്ലിക്സ് ഇന്ത്യ മേധാവി മോണിക്ക ഷെർഗിൽ എന്നിവർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. ഹിന്ദു ഐടി സെല്ലിന്റെ സ്ഥാപകൻ രമേഷ് സോളങ്കി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയെന്നായിരുന്നു പരാതി. ഡിസംബർ 29 നാണ് ‘അന്നപൂർണി’ നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്യാൻ ആരംഭിച്ചത്. ഡിസംബർ ഒന്നിനായിരുന്നു ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച പെൺകുട്ടി (നയൻതാര) ലോകത്തിലെ ഏറ്റവും മികച്ച ഷെഫ് ആയി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാംസം കഴിക്കാനും പാകം ചെയ്യാനുമുള്ള നായികയുടെ തീരുമാനവും, മുസ്ലീം കഥാപാത്രവുമായുള്ള (ജയ്) സൗഹൃദവും ഹിന്ദു ദൈവമായ രാമൻ മാംസം കഴിച്ചുവെന്ന് സൂചിപ്പിക്കുന്ന സംഭാഷണവും ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.