രൂപയുടെ മൂല്യമിടിഞ്ഞത് പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; യുഎഇയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്കയച്ചത് അയച്ചത് 8800 കോടി രൂപ

0

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിദേശത്തുനിന്നു പ്രവാസികള്‍ അയയ്ക്കുന്ന പണത്തില്‍ വന്‍വര്‍ധനവ്‌. വിനിമയ നിരക്ക് തുടര്‍ച്ചയായി ഉയര്‍ന്നുനിന്ന ഓഗസ്റ്റ് രണ്ടാം വാരം മുതല്‍ പണം അയയ്ക്കുന്നതില്‍ വര്‍ധനയുണ്ടായെങ്കിലും പ്രളയക്കെടുതി ഉണ്ടായതോടെ പ്രവാസികള്‍ ഒട്ടേറെപ്പേര്‍ ചെറുതും വലുതുമായ തുക കേരളത്തിലേക്കു സഹായധനമായി അയച്ചു. ഇത് മണി എക്‌സ്‌ചേഞ്ചുകളിലും പ്രതിഫലിച്ചു. ഈ കാലഘട്ടത്തില്‍ കേരളത്തിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തില്‍ ഏറെ വര്‍ധനയുണ്ടായിരുന്നെന്ന് എക്‌സ്‌ചേഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

യുഎഇയില്‍നിന്ന് മാത്രം പ്രവാസികള്‍ അയച്ചത് 
 8800 കോടി ദിര്‍ഹമാണ്. 
 ഈ വര്‍ഷം ആദ്യ ആറു മാസത്തെ കണക്കനുസരിച്ച് വിദേശികള്‍ അയയ്ക്കുന്ന പണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ 13.1 ശതമാനം വര്‍ധനയുണ്ട്. 2017ല്‍ ഇതേ കാലയളവില്‍ 7780 കോടി ദിര്‍ഹമായിരുന്നു അയച്ചത്. യുഎഇ സെന്‍ട്രല്‍ ബാങ്കാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ 4350 കോടിയാണ് വിദേശികള്‍ സ്വന്തം നാടുകളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 17.3 ശതമാനം വര്‍ധിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഇത് 4440 കോടി ദിര്‍ഹമായി വര്‍ധിച്ചു. 2017 രണ്ടാം പാദത്തെക്കാള്‍ 8.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇത് 4070 കോടി ദിര്‍ഹമായിരുന്നു. ഇതില്‍ 3480 കോടിയും വിവിധ എക്‌സ്‌ചേഞ്ചുകള്‍ വഴിയും 960 കോടി ദിര്‍ഹം ബാങ്കുകള്‍ വഴിയുമാണ് അയച്ചത്.

യുഎഇയില്‍നിന്ന് ഏറ്റവും കൂടുതല്‍ പണമൊഴുക്ക് ഇന്ത്യയിലേക്ക്. വിദേശികള്‍ അയയ്ക്കുന്ന പണത്തില്‍ 39 ശതമാനവും ഇന്ത്യയിലേക്കാണ് പോയത്. അതായത് ഈ വര്‍ഷം രണ്ടാം പാദത്തില്‍ മാത്രം 1732 കോടി ദിര്‍ഹം ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. വിനിമയ നിരക്കിന്റെ ആനുകൂല്യമാണ് ഇത്രയും കൂടുതല്‍ തുക ഇന്ത്യയിലെത്താന്‍ കാരണം. പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. 355 കോടി ദിര്‍ഹമാണ് പാക്കിസ്ഥാനിലേക്ക് അയച്ചത്. മൊത്തം വിദേശ പണത്തിന്റെ 8.5 ശതമാനം വരുമിത്. ഫിലിപ്പീന്‍സ് (315 കോടി), ഈജിപ്ത് (240 കോടി), അമേരിക്ക (195 കോടി) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലേക്ക് അയച്ച തുക.