ദത്ത് വിവാദം: കുഞ്ഞിനെ എത്തിച്ചു; രണ്ടുദിവസത്തിനകം ഡിഎന്‍എ പരിശോധന

0

തിരുവനന്തപുരം: ആന്ധ്ര സ്വദേശികളായ ദമ്പതികള്‍ ദത്തെടുത്ത, അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് എത്തിച്ചു. തുടര്‍ന്ന് പോലീസ് സംരക്ഷണയില്‍ കുഞ്ഞിനെ നഗരത്തിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഹൈദരാബാദില്‍നിന്നുള്ള വിമാനത്തില്‍ കുഞ്ഞിനെ എത്തിച്ചത്. ശിശുക്ഷേമസമിതി പ്രതിനിധി, ശിശുക്ഷേമ കൗണ്‍സിലില്‍നിന്നുള്ള ആയ, മൂന്ന് പോലീസുദ്യോഗസ്ഥര്‍ എന്നിവരാണ് ആന്ധ്രയിലെത്തി കുഞ്ഞിനെ ഏറ്റുവാങ്ങി തിരുവനന്തപുരത്ത് എത്തിച്ചത്.

രണ്ടു ദിവസത്തിനു ശേഷം കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തും. ഡിഎന്‍എ ഫലം വരുന്നതുവരെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് ആയിരിക്കും. നഗരത്തിലെ ഒരു ശിശുഭവനിലാണ് കുഞ്ഞിനെ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കുഞ്ഞിനെ കൈമാറുന്നത് സംബന്ധിച്ച് അന്തിമ വിധി വരുന്നതുവരെ കുഞ്ഞിനെ ഇവിടെ സംരക്ഷിക്കും.

കഴിഞ്ഞ ദിവസം ആന്ധ്രയിലെ ഒരു ജില്ലാ കേന്ദ്രത്തിലെ ശിശുക്ഷേമസമിതി ഓഫീസില്‍ വെച്ചാണ് ഏറ്റുവാങ്ങിയത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഘം ദമ്പതിമാരെ കണ്ടത്. ഒന്നര മണിക്കൂറോളം ഇവരോട് സംസാരിച്ച ശേഷമാണ് ഏറ്റുവാങ്ങിയത്. സംഘം ആദ്യം ആന്ധ്രയിലെ ശിശുക്ഷേമസമിതി പ്രവര്‍ത്തകരുമായും സ്ഥലത്തെ പോലീസുദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു.

അതിനിടെ പിറന്നു മൂന്നാം നാൾ കൈവിട്ടുപോയ കുഞ്ഞിനെ കാത്തിരിക്കുകയായിരുന്ന പരാതിക്കാരിയായ അനുപമ എസ.ചചന്ദ്രൻ സമരപ്പന്തലിൽ കാത്തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെത്തുടർന്ന് ബോധരഹിതയായി വീണു. ഡോക്ടറെത്തി പ്രാഥമിക ചികിത്സ നൽകി.