നാലാം മുന്നണി പ്രഖ്യാപിച്ച് കെജ്‍രിവാൾ; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടിക്ക് സഖ്യം

0

കൊച്ചി: ട്വന്റി ട്വന്റിയുമായി സഖ്യം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയിലാണ് കേരളത്തില്‍ ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയത്.

ക്ഷേമവും വികസനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ ട്വന്റി ട്വന്റിക്കും ആം ആദ്മി പാര്‍ട്ടിക്കുമൊപ്പം നില്‍ക്കണമെന്ന് കെജ്‌രിവാള്‍ ആഹ്വാനം ചെയ്തു. ട്വന്റി ട്വന്റി സംഘടിപ്പിച്ച ‘ജനസംഗമം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ ഓരോന്നായി നിരത്തുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി. രാജ്യ തലസ്ഥാനത്ത് ഒരു വർഷം കൊണ്ട് സർക്കാർ ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞു. സംസ്ഥാനത്തെ അഴിമതി തുടച്ച് നീക്കി. ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കി. പഞ്ചാബിൽ ജനം ആം ആദ്മിയെ തെരഞ്ഞെടുത്തു. രണ്ട് സംസ്ഥാനങ്ങളിലും സാധാരണക്കാരൻ വലിയ നേതാക്കളെ പരാജയപ്പെടുത്തി. കേരളത്തിലും മാറ്റം വരേണ്ടതുടെന്നും കെജ്‌രിവാൾ.

ഡൽഹിയിലെ പോലെ സൗജന്യ വൈദ്യുതി, സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ എന്നിവ കേരളത്തിലും വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കി, സർക്കാർ സ്കൂൾ മികവുറ്റതാക്കി. ഇവയെല്ലാം കേരളത്തിനും ലഭിക്കും. ജനങ്ങളുടെ അനുഗ്രഹം ഇക്കഴിഞ്ഞ വർഷങ്ങളിൽ തനിക്ക് ലഭിച്ചു. ഇതല്ലാതെ മറ്റൊന്നും തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആം ആദ്മി – ട്വന്റി ട്വന്റി സഖ്യവും ഡൽഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ജനക്ഷേമ സഖ്യം എന്ന പേരിലാണ് മുന്നണി.