‘മൂന്നാം തവണയും അധികാരത്തിലെത്തും, ദീർഘനാൾ പ്രതിപക്ഷത്തിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ’; കോൺഗ്രസിനെതിരെ മോദി

0

പാർലമെൻ്റിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭ ബഹിഷ്കരിക്കണമെന്ന പ്രതിപക്ഷ ആഗ്രഹം ജനം നിറവേറ്റും. അടുത്ത തെഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷം സന്ദർശക ഗ്യാലറിയിലാകും. ദീർഘകാലം പ്രതിപക്ഷത്തിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്നും മോദി. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

മറ്റ് പാർട്ടികളെ വളരാൻ കോൺഗ്രസ് അനുവദിക്കില്ല. പ്രതിപക്ഷത്തിൻ്റെ അവസ്ഥയ്ക്ക് ഉത്തരവാദി കോൺഗ്രസാണ്. പ്രതിപക്ഷമെന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. രാജ്യത്തിന് ഒരു നല്ല പ്രതിപക്ഷം വേണമെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. പല പ്രതിപക്ഷ നേതാക്കൾക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം നഷ്ടപ്പെട്ടതായി. പലരും സീറ്റ് മാറാൻ ആലോചിക്കുന്നതായി കേട്ടു. ലോക്സഭയ്ക്ക് പകരം രാജ്യസഭയിലേക്ക് പോകാനാണ് പലരും ആഗ്രഹിക്കുന്നതെന്നും മോദി.

രാഹുൽ ഗാന്ധിയുടെ ‘മൊഹബത്ത് കി ദുകാൻ’ മുദ്രാവാക്യത്തെയും മോദി പരിഹസിച്ചു. “ഒരേ ഉൽപ്പന്നം വീണ്ടും വീണ്ടും അവതരിപ്പിക്കാനുള്ള” ശ്രമങ്ങൾ കാരണം കോൺഗ്രസിൻ്റെ “ദുക്കാൻ” അടച്ചുപൂട്ടുകയാണെന്ന് മോദി പറഞ്ഞു. കോൺഗ്രസിന് ‘റദ്ദാക്കൽ’ സംസ്കാരം. രാജ്യത്തിൻ്റെ നേട്ടങ്ങൾ കോൺഗ്രസ് റദ്ദാക്കി. പത്ത് വർഷം മുമ്പ് കോൺഗ്രസ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോൾ സമ്പദ് വ്യവസ്ഥയിൽ ഇന്ത്യ 11-ാം സ്ഥാനത്തായിരുന്നു. ഇന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. മൂന്നാം തവണ ബിജെപി അധികാരത്തിലെത്തുമ്പോൾ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി രാജ്യം മാറുമെന്നും മോദി.

പാവപ്പെട്ടവർക്കായി 4 കോടി വീടുകൾ നിർമിച്ചു നൽകി. കോൺഗ്രസ് ആണ് അധികാരത്തിൽ എങ്കിൽ ഇത്രയും കാര്യങ്ങൾ ചെയ്യാൻ 100 വർഷമെടുക്കും. 17 കോടി ഗ്യാസ് കണക്ഷൻ നൽകി, കോൺഗ്രസ് ആയിരുന്നെങ്കിൽ ഏഴു വർഷം കൂടി എടുക്കുമായിരുന്നു. കോൺഗ്രസിൻ്റെ അലസതയോട് ആർക്കും മത്സരിക്കാനാവില്ല. ഇന്ത്യക്കാർ മടിയന്മാരാണെന്നായിരുന്നു നെഹ്രുവിൻ്റെ നിലപാട്. ഇന്ദിരാഗാന്ധിയുടെ ചിന്തയും വ്യത്യസ്തമായിരുന്നില്ല. കോൺഗ്രസ് ഇന്ത്യക്കാരെ വിലകുറച്ചു കണ്ടു. ഒരു കുടുംബത്തിനപ്പുറമായി കോൺഗ്രസിന് ഒരു ചിന്തയില്ല. ആർട്ടിക്കിൾ 370 റദ്ദാക്കൽ, വനിതാ സംവരണ ബിൽ, ബഹിരാകാശം മുതൽ ഒളിമ്പിക്സ് വരെ, അതിർത്തി സുരക്ഷാ സേന മുതൽ നിയമസഭ വരെ, നാരി ശക്തി തുടങ്ങി രാജ്യം കാലങ്ങളായി കാത്തിരുന്ന കാര്യങ്ങളാണ് രണ്ടാം തവണ അധികാരത്തിലെത്തിയതോടെ ബിജെപി സഫലമാക്കിയതെന്നും പ്രധാനമന്ത്രി.