ഗ്രാമി അവാർഡിൽ വീണ്ടും ഇന്ത്യൻ തിളക്കം

0

ആഗോള സംഗീത രംഗത്തെ ഏറ്റവും ജനപ്രിയ പുരസ്‌കാരമായ ഗ്രാമി അവാര്‍ഡില്‍ ഇത്തവണയും ഇന്ത്യൻ തിളക്കം. ശങ്കർ മഹാദേവന്‍റെയും സക്കീർ ഹുസൈന്‍റെയും ഫ്യൂഷൻ ബാൻഡ് ‘ശക്തി’ മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള ഗ്രാമി അവാർഡ് സ്വന്തമാക്കി. ‘ദിസ് മൊമെന്‍റ്’ എന്ന ഏറ്റവും പുതിയ ആൽബത്തിനാണ് അവാർഡ്. ലോസ് ആഞ്ചലസിൽ ഗണേഷ് രാജഗോപാലിനൊപ്പം ശങ്കര്‍ മഹാദേവന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

കഴിഞ്ഞ വർഷം റിലീസായ ആൽബത്തിൽ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കര്‍ മഹാദേവന്‍, സക്കീര്‍ ഹുസൈന്‍, ജോണ്‍ മക് ലോഗ്ലിന്‍, വി. സെല്‍വഗണേഷ്, ഗണേഷ് രാജഗോപാലന്‍ തുടങ്ങിയവരാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ് അവാര്‍ഡും മികച്ച കണ്ടംപെററി ഇന്‍സ്ട്രുമെന്‍റല്‍ ആല്‍ബം പുരസ്‌കാരവും ഉള്‍പ്പെടെ മൂന്ന് ഗ്രാമി പുരസ്‌കാരങ്ങളാണ് സക്കീര്‍ ഹുസൈന് ഇതിലൂടെ ലഭിച്ചത്.

‘ശക്തി’

1973-ല്‍ ജോണ്‍ മക്‌ലോലിനും തബലിസ്റ്റ് സാക്കിര്‍ ഹുസൈനും വയലിനിസ്റ്റ് എല്‍. ശങ്കറും താളവാദ്യ വിദഗ്ധന്‍ വിക്കു വിനായക്റാമും ചേര്‍ന്നാണ് ശക്തി എന്ന ഫ്യൂഷന്‍ ബാന്‍ഡിന് രൂപം നൽകിയത്. പിന്നീട് 2020-ല്‍ മക്ലാഫിന്‍ ശങ്കര്‍ മഹാദേവനെയും വിക്കു വിനായക്റാമിന്‍റെ മകനായ സെല്‍വഗണേഷിനെയും വയലിനിസ്റ്റ് ഗണേഷ് രാജഗോപാലനേയും ഉള്‍പ്പെടുത്തി മക്‌ലോലിൻ ബാന്‍ഡ് പരിഷ്‌കരിക്കുകയായിരുന്നു.

മറ്റ് പുരസ്കാരങ്ങൾ

ടെയ്‌ലർ സ്വിഫ്റ്റിന്‍റെ ‘മിഡ്നൈറ്റ്‌സ്’ മികച്ച ആല്‍ബമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സോളോ പോപ് പെര്‍ഫോമന്‍സിനുള്ള അവാര്‍ഡ് മിലി സൈറസിനാണ്. ഈ വര്‍ഷത്തെ മികച്ച കണ്‍ട്രി ആല്‍ബമായി ലെയ്നി വില്‍സന്‍റെ ‘ബെല്‍ബോട്ടം കണ്‍ട്രി’യും മികച്ച അര്‍ബന്‍ ആല്‍ബമായി കരോള്‍ ജിയുടെ മാനാനാ സെറ ബോണിട്ടോയും തെരഞ്ഞെടുക്കപ്പെട്ടു.

2022 ഒക്ടോബർ 1 മുതൽ 2023 സെപ്റ്റംബർ 15 വരെയുള്ള കാലയളവിലുള്ള പാട്ടുകളാണ് വിവിധ കാറ്റഗറികളിലായി മത്സരിച്ചത്.

സോങ് ഓഫ് ദി ഇയർ ആയി ‘വാട്ട് വാസ് ഐ മെയ്ഡ് ഫോർ’ ബാർബിയും (ബില്ലി എലിഷ്) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനരചയിതാവ് (നോൺ ക്ലാസിക്കൽ വിഭാഗം) – തെറോൺ തോമസ്. മികച്ച ഗാനം (റിഥം ആൻഡ് ബ്ലൂസ് വിഭാഗം)- സ്‌നൂസ്.

പ്രോഗ്രസീവ് സോങ് ഇനത്തിൽ എസ്‌ഒഎസ്, മികച്ച പെർഫോമൻസ് വിഭാഗത്തിൽ ഐസിയു എന്നിവ അവാർഡ് നേടി. മികച്ച ആഫ്രിക്കൻ മ്യൂസിക് പെർഫോമൻസ് വാട്ടർ (ടെയ്ല), മികച്ച കോമഡി ആൽബമായി വാട്ട്സ് ഇൻ എ നെയിം (ഡേവ് ചാപ്പൽ) എന്നിവയും തെരഞ്ഞെടുത്തു. മികച്ച റോക്ക് പെർഫോമൻസായി നോട്ട് സ്ട്രോങ് (ബോയ് ജീനിയസ്), മികച്ച റോക്ക് സോങ്ങായി ‘നോട്ട് സ്ട്രോങ് ഇനഫ്’, മികച്ച റോക്ക് ആൽബമായി ‘ദിസ് ഈസ് വൈ’ എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു