സംസ്ഥാനത്ത് 26 പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചു; 3 പേര്‍ക്ക് രോഗം ഭേദമായി

0

രണ്ട് ആരോഗ്യപ്രവർത്തകരും ഒരു പോലീസുദ്യോഗസ്ഥനും അടക്കം 26 പേർക്ക് കൂടി കേരളത്തിൽ കോവിഡ് 19 സ്ഥിരീകരിച്ചു. 3 പേര്‍ക്ക് രോഗം ഭേദമായി. പോസിറ്റീവ് ആയതില്‍ 14 പേര്‍ കേരളത്തിനു പുറത്തുനിന്ന് വന്നവരാണ്. കാസർകോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് – മൂന്ന്, കണ്ണൂർ – രണ്ട്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളിൽ ഒരോരുത്തർ എന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

ഇവരിൽ 7 പേർ വിദേശത്തു നിന്നു വന്നവരാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു 1 എന്നിവിടങ്ങിൽ നിന്നു വന്നവരാണ് മറ്റുള്ളവർ. 11 പേർക്ക് സംമ്പർക്കം വഴിയാണ് രോഗം പിടിപെട്ടത്. കോവിഡ് നെഗറ്റീവ് ആയവരിൽ രണ്ടുപേർ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാൾ കണ്ണൂരിൽനിന്നുള്ളയാളും. രോഗികളുടെ എണ്ണം വർധിച്ചത് നാം നേരിടുന്ന വിപത്തിനെയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൊറോണ വൈറസ് ഒരിക്കലും ഇല്ലാതാകില്ലെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്. വാക്സിന്റെ അഭാവത്തിൽ എച്ച്ഐവിയെപ്പോലെ തന്നെ ലോകത്ത് നിലനിൽക്കുമെന്നും പറയുന്നു. രോഗപ്രതിരോധശേഷി വർധിപ്പിക്കുക, ചികിത്സിച്ച് ഭേദമാക്കാനുള്ള ചികിൽസാ പ്രോട്ടോകോൾ ഉണ്ടാക്കുക എന്നിവ പ്രധാനപ്പെട്ടതാണ്. നാം ജീവിതശൈലി മാറ്റേണ്ടതായുണ്ട്. മാസ്കിന്റെ ഉപയോഗം ജീവിതത്തിന്റെ ഭാഗമാക്കണം. അത്യാവശ്യ യാത്രകളും കൂടിച്ചേരലുകളും മാത്രം നടത്തുക. ആളുകളുടെ എണ്ണം ക്രമീകരിച്ചുവേണം കാര്യങ്ങൾ നടത്തേണ്ടത്. റസ്റ്ററന്റുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിൽ ഉപയോഗ സമയം അനുസരിച്ച് ടൈം സ്ലോട്ട് ക്രമീകരിക്കേണ്ടി വരും. നമ്മുടെ ആരോഗ്യസംവിധാനം ആ രീതിയില്‍ ക്രമീകരിക്കും. ഒപ്പം, പൊതുമൂഹം അതിനനുസരിച്ച് ജീവിതരീതിയില്‍ മാറ്റംവരുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.