സംസ്ഥാന ലോക്ഡൗണ്‍ ഉത്തരവിൽ പൊലീസിന് അതൃപ്തി; ഇളവുകള്‍ വെട്ടിക്കുറച്ചേക്കും

0

തിരുവനന്തപുരം∙ ലോക്ഡൗണിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ കുറയ്ക്കണമെന്ന് പൊലീസ്. പ്രഖ്യാപിക്കപ്പെട്ട ഇളവുകളില്‍ ചിലത് വെട്ടിക്കുറച്ചേക്കും. നിര്‍മാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ വേണമെന്ന് പോലീസ് നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണിത്. ഇളവുകൾ നൽകിയാൽ ലോക്ഡൗൺ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തൽ.

നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പോലീസിന്റെ യോഗം ഇന്ന് രാവിലെ ചേരും. ലോക്ഡൗണ്‍ ഉത്തരവിറങ്ങിയതിനുശേഷമാണ് മുഖ്യമന്ത്രിയെ പോലീസ് നിലപാട് അറിയിച്ചത്. അതേസമയം, അടച്ചിടൽ കർശനമാക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും. ഇതു സംബന്ധിച്ച് ഇന്നു ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടായേക്കും.

നിയന്ത്രണങ്ങള്‍ എങ്ങനെ നടപ്പാക്കണം എന്ന് ചര്‍ച്ചചെയ്യുന്നതിന് ഇന്ന് 11 മണിക്ക് നടക്കുന്ന പോലീസിന്റെ യോഗത്തില്‍ ഇളവുകള്‍ വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ഉണ്ടാകും. പോലീസിന്റെ നിലപാട് കൂടി പരിഗണിച്ച ശേഷം മിക്കവാറും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുതിയ ഉത്തരവ് ഇറങ്ങിയേക്കുമെന്നാണ് കരുതുന്നത്.

ശനിയാഴ്ച മുതൽ പതിനാറാം തീയതി വരെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുഗതാഗതം അനുവദിക്കില്ല. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. മെട്രോ ഒഴികെയുള്ള തീവണ്ടി സര്‍വീസുകളും വിമാന സര്‍വീസുകളും ഉണ്ടാകും. പലചരക്ക്, പച്ചക്കറി കടകൾ രാത്രി 7..30ന് അടക്കണം.. വിവാഹം, ശവസംസ്കാരം എന്നീ ചടങ്ങുകൾക്ക് ഇരുപതു പേർ മാത്രമേ പാടുള്ളൂ. കോവിഡ് വ്യാപനത്തിന്‍റെ രൂക്ഷത വിലയിരുത്തിയ ശേഷം ലോക്ഡൗൺ നീട്ടണമോ എന്ന് തീരുമാനിക്കും.