കുവൈത്തിലും റിയാദിലും ഓരോ മലയാളികൾ കൊവിഡ് ബാധിച്ച് മരിച്ചു

0

കൊവിഡ് ബാധിച്ച് കുവൈത്തിലും റിയാദിലും ഓരോ മലയാളികൾ മരിച്ചു. കോട്ടയം മണിമല കടയനിക്കാട് സ്വദേശി സിബി കളപ്പുരയ്ക്കൽ (55) കുവൈത്തിലും, പള്ളിപ്പുറം പെഴുങ്കര സ്വദേശി സി ടി സുലൈമാൻ (63) റിയാദിലുമാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 226 ആയി.

അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ രോഗബാധിതനായി ചികിത്സയിലായിരിക്കെയാണ് പള്ളിപ്പുറം പെഴുങ്കര സ്വദേശി സി ടി സുലൈമാൻ മരിച്ചത്.ഭാര്യ: ശരീഫ. മക്കൾ: ശംലിഖ്, ശബീല്, ശഹീൻ. മരുമക്കൾ: ശബീന, തൻസീറ. മൃതദേഹം കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇതിനിടെയും, ചാർട്ടേ‍ഡ് വിമാനത്തിൽ വരുന്നവർക്ക് കൊവിഡില്ലെന്ന് സർട്ടിഫിക്കറ്റ് വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് സംസ്ഥാനസർക്കാർ. മടങ്ങിവരുന്ന പ്രവാസികൾക്കുള്ള കൊവിഡ് പരിശോധനക്ക് എംബസികളിൽ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകി.

കൊവിഡ് പോസിറ്റീവായരും രോഗമില്ലാത്തവരും ഒരുമിച്ച് യാത്ര ചെയ്യുന്ന സാഹചര്യമൊഴുവാക്കണമെന്ന കർശനനിലപാടും സംസ്ഥാനം അറിയിച്ചു. കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രത്യേകഫ്ലൈറ്റ് ഏർപ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് പരിശോധനക്ക് വിദേശരാജ്യങ്ങളിൽ വേണ്ടത്ര സൗകര്യമില്ലെന്ന ആക്ഷേപമുണ്ട്, ഇതിനിടെയാണ് സർക്കാർ നിലപാടിലുറച്ച് നിൽക്കുന്നത്. 812 ചാർട്ടേഡ് വിമാനങ്ങൾക്ക് ഇപ്പോൾ സംസ്ഥാനം അനുമതി നൽകിയിട്ടുണ്ട്. വന്ദേഭാരത് ദൗത്യത്തിലൂടെ 360 വിമാനങ്ങളുമെത്തും. മടങ്ങിവരാനായി ഈ മാസം രണ്ട് ലക്ഷം പേരാണ് കാത്ത് നിൽക്കുന്നത്.