സംസ്ഥാനത്ത്‌ ഇന്ന് 67 പേര്‍ക്ക് കോവിഡ്; 10 പേര്‍ക്ക് രോഗമുക്തി

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇത്രയധികം കോവിഡ് കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്.

പാലക്കാട് 29, കണ്ണൂർ 8, കോട്ടയം 6, മലപ്പുറം, എറണാകുളം 5 വീതം, തൃശൂർ, കൊല്ലം 4 വീതം, കാസർകോട്, ആലപ്പുഴ 3 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ. സംസ്ഥാനത്ത്‌ ഇതുവരെ 6 പേർ മരിച്ചു. ക്വാറന്റീനിലുള്ളവർ ഒരു ലക്ഷം കഴിഞ്ഞു. സംസ്ഥാനത്ത് 9 ഹോട്ട്സ്പോട്ടുകള്‍ കൂടി. മണ്ണാർകാട് മുൻസിപ്പാലിറ്റി ഹോട്ട്സ്പോട്ട് ആയി. കണ്ണൂർ – 3, കാസർകോട് – 3, ഇടുക്കി, പാലക്കാട്, കോട്ടയം – 1 വീതം.

ഇന്ന് പോസ്റ്റീവായവരില്‍ 27 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കും ഗുജറാത്ത് (അഞ്ച്), കര്‍ണാടക (രണ്ട്), പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നെത്തിയ ഒരോരുത്തര്‍ക്കും രോഗം സ്ഥീരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഏഴ് പേര്‍ക്കും കോവിഡ് പിടിപെട്ടു.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വീണ്ടും ഒരു ലക്ഷം കടന്നു. 104336 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. 103528 പേര്‍ വീടുകളിലും 808 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 56704 സാമ്പിളുകള്‍. പരിശോധനയ്ക്കയച്ചു. ഇതില്‍ 54836 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ് 19 ലബോറട്ടറികളില്‍ ആരോഗ്യവകുപ്പ് എന്‍എച്ച്എം മുഖാന്തരം 150 താത്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ്‌ ടെക്‌നീഷ്യന്‍, 29 ലാബ് അസിസ്റ്റന്റ്, 17 ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, 20 ക്ലീനിങ് സ്റ്റാഫ് എന്ന തരത്തിലാണ് പുതിയ തസ്തികകള്‍.