രവീന്ദ്ര ജഡേജയുടെ ഭാര്യയ്ക്ക് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കി ബിജെപി

0

ഗാന്ധി നഗര്‍: 2022 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി. ഇതില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ.

റിവാബ ജഡേജ ഗുജറാത്തിലെ ജാംനഗർ നോർത്ത് സീറ്റിൽ നിന്നാണ് ബിജെപിക്കായി ജനവിധി നേടുന്നത്. 2019ലാണ് ഗുജറാത്തിലെ ഭരണകക്ഷിയായ ബിജെപിയിൽ റിവാബ അംഗംമാകുന്നത്. ജാംനഗർ നോർത്ത് സീറ്റിൽ നിന്ന് നിലവിലെ എംഎല്‍എ ധർമേന്ദ്രസിങ് മേരുഭയെ മാറ്റിയാണ് ബിജെപി റിവാബ ജഡേജയ്ക്ക് അവസരം നല്‍കിയത്.

2016ലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ റിവാബ വിവാഹം കഴിക്കുന്നത്. റിവാബ ജഡേജ വിവാഹത്തിന് മുമ്പ് റിവാബ സോളങ്കി എന്നാണ് അറിയപ്പെട്ടിരുന്നു. ഹർദേവ് സിംഗ് സോളങ്കിയുടെയും പ്രഫുല്ലബ സോളങ്കിയുടെയും മകളാണ്.

ഗുജറാത്തിലെ രാജ്‌കോട്ടിലെ ആത്മീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ ഇവര്‍. കോൺഗ്രസ് നേതാവായ ഹരി സിംഗ് സോളങ്കിയുടെ മരുമകളാണ്.

1990 സെപ്തംബർ 5 ന് ജനിച്ച റിവാബ ജഡേജയുടെ ആദ്യ രാഷ്ട്രീയ പോരാട്ടമാണ് ജാംനഗർ നോർത്ത് സീറ്റിലേത്. 2019 ൽ ബിജെപിയില്‍ ചേരുന്നതിന് മുമ്പ് വലതുപക്ഷ സംഘടനയായ കർണി സേനയുടെ വനിതാ വിഭാഗത്തിന്റെ മേധാവിയായിരുന്നു റിവാബ ജഡേജ.

ഗുജുറാത്ത് നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി. 84 സീറ്റുകളിലേക്കാണ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്.മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഗാട്‍ലോഡിയയിൽ നിന്ന് മത്സരിക്കും.സിറ്റിംഗ് സീറ്റ് തന്നെയാണിത്. ഇവിടെ കോൺഗ്രസ് രാജ്യസഭാംഗം അമീ യാഗ്നിക്കിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

ഹാർദ്ദിക് പട്ടേൽ വിരംഗം മണ്ഡലത്തിൽ നിന്ന് മത്സരിക്കും.കോൺഗ്രസിൽ നിന്ന് രാജിവച്ച് ഇന്നലെ ബിജെപിയിൽ ചേർന്ന ഭഗ്‍വൻ ഭായ് ബരാഡിന് തലാല സീറ്റ് തന്നെ നൽകി.വിജയ് രൂപാണി ( മുൻ മുഖ്യമന്ത്രി) നിതിൻ പട്ടേൽ (മുൻ ഉപമുഖ്യമന്ത്രി)എന്നീ പ്രമുഖര്‍ക്ക് സീററ് കിട്ടിയില്ല.