ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു: തിങ്കളാഴ്ചയോടെ യാസ് ചുഴലിക്കാറ്റാകും; ബംഗാളിനും ഒഡീഷയ്ക്കും ജാഗ്രതാ നിര്‍ദേശം

0

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തിങ്കളാഴ്ചയോടെ ന്യൂനമർദ്ദം യാസ് ചുഴലിക്കാറ്റായി മാറും. മെയ് 26-ന് യാസ് ചുഴലിക്കാറ്റ് കരതൊട്ടേക്കാമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഒഡീഷയ്ക്കും പശ്ചിമ ബംഗാളിനും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെ 08.30- ഓടുകൂടി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. നാളെ (മെയ് 23) രാവിലെയോടെ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത.

ഈ വർഷം ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ആദ്യ ചുഴലിക്കാറ്റായിരിക്കും യാസ്. ന്യൂനമർദ്ദത്തിന്‍റെ ഫലമായി തെക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച മുതല്‍ തെക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ കൂടും. തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴു ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ടു ജില്ലകളിലും യെലോ അലർട്ട് നല്‍കിയിട്ടുണ്ട്.

ഇപ്പോൾ ആന്‍ഡമന്‍ നിക്കോബാര്‍ ദ്വീപിലെത്തിയ മണ്‍സൂണ്‍, വൈകാതെ കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. 22 മുതല്‍ മെയ് 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30- 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒഡീഷയിലെ 30 ജില്ലകളിലെ 14 എണ്ണത്തിലും അതീവജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാവിക സേനയുടേയും തീര സംരക്ഷണ സേനയുടേയും സഹായം ഒഡീഷ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് എന്നിവടങ്ങളിലൂടെ അടുത്ത ആഴ്ചയില്‍ കടന്നുപോകുന്ന 22 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.