ഡെല്‍റ്റ പ്ലസ് ആശങ്കയുണര്‍ത്തുന്ന വകഭേദമല്ല – ഡോ. സൗമ്യ സ്വാമിനാഥന്‍

1

ന്യൂഡൽഹി∙ അതിതീവ്ര വ്യാപനശേഷിയുണ്ടെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തിയ കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദത്തെ നിലവിൽ ഒരു ആശങ്കയുള്ള വകഭേദമായി ലോകാരോഗ്യ സംഘടന കണക്കാക്കുന്നില്ലെന്ന് ശാസ്ത്രജ്ഞ ഡോ.സൗമ്യ സ്വാമിനാഥൻ. ഡെൽറ്റ പ്ലസ് ബാധിക്കുന്നവരുടെ എണ്ണം കുറവാണെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.

ചില രാജ്യങ്ങള്‍ അവരുടെ വാക്‌സിന്‍ പാസ്പോര്‍ട്ട് പ്രോഗ്രാമില്‍ നിന്ന് കോവിഷീല്‍ഡിനെ ഒഴിവാക്കുന്നതില്‍ യുക്തിയില്ലെന്നും സൗമ്യാ സ്വാമിനാഥന്‍ പറഞ്ഞു. വാക്‌സിന്‍ അംഗീകരിക്കുന്നത് പകര്‍ച്ചവ്യാധി കാലത്ത് തടസ രഹിതമായ യാത്ര അനുവദിക്കുമെന്നും അവര്‍ പറഞ്ഞു.

ആസ്ട്രാസെനക വാക്‌സിന്‍ യൂറോപ്പില്‍ മറ്റൊരു ബ്രാന്‍ഡില്‍ ലഭ്യമായതിനാല്‍ ഇത് തികച്ചും സാങ്കേതികമാണെന്നും അവര്‍ പറഞ്ഞു. വാക്‌സിന്‍ പാസ്പോര്‍ട്ടില്‍ കോവിഷീല്‍ഡിനെ ഉള്‍പ്പെടുത്തുന്നതിന് ലോകാരോഗ്യ സംഘടന യൂറോപ്യന്‍ മെഡിക്കല്‍ റെഗുലേറ്ററുമായി ചര്‍ച്ച നടത്തിവരികയാണെന്ന് അവര്‍ പറഞ്ഞു. കോവാക്‌സിന്റെ അംഗീകാരം സംബന്ധിച്ച് ഓഗസ്റ്റ് രണ്ടാം വാരത്തോടെ തീരുമാനമെടുക്കുമെന്നും പറഞ്ഞു.