സംവിധായകനും നടി കാവേരിയുടെ മുൻ ഭർത്താവുമായ സൂര്യ കിരൺ അന്തരിച്ചു

0

ചെന്നൈ: തെന്നിന്ത്യൻ സിനിമാ സംവിധായകനും നടി കാവേരിയുടെ മുൻ ഭർത്താവുമായ സൂര്യകിരൺ അന്തരിച്ചു. 48 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചതിനെത്തുടർന്ന് കുറച്ചു ദിവസങ്ങളായി ചെന്നൈ ജിഇഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു സൂര്യകിരൺ. തിങ്കളാഴ്ച വൈകിട്ടോടെ ചെന്നൈയിലെ വീട്ടിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്. ബാല താരമായി സിനിമയിലേക്ക് എത്തിയ സൂര്യ കിരൺ തമിഴ്, മലയാളം, തെലുങ്കു ഭാഷകളിലായി 200 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2003ൽ സത്യം എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.

സുമന്ത് അക്കിനേനിയും ജനീലിയയും അഭിനയിച്ച ചിത്രം വൻ വിജയമായിരുന്നു. അതിനു ശേഷം ധന 51 , ബ്രഹ്മാസ്ത്രം, രാജു ഭായ്, ചാപ്റ്റർ 6 എന്നീ സിനിമകളും സംവിധാനം ചെയ്തു. ബിഗ്ബോസ് തെലുങ്കു സീസൺ 4 ലും സൂര്യകിരൺ പങ്കെടുത്തിരുന്നു. ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത അരശി എന്ന സിനിമ റിലീസായിട്ടില്ല.

ആദ്യ ഭാര്യ നടി കല്യാണിയുമായി വേർപിരിഞ്ഞതിനു ശേഷമാണ് സൂര്യ കിരൺ കാവേരിയെ വിവാഹം കഴിച്ചത്. കാവേരിയുമായി വേർപിരിഞ്ഞതിൽ പിന്നെ സിനിമാ രംഗത്തു നിന്ന് അകന്നു നിൽക്കുകയായിരുന്നു സൂര്യ കിരൺ. നടിയായ സുജിത സഹോദരിയാണ്.