കനിമൊഴിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്‍ഡ്

1

തൂത്തുക്കുടി: ഡിഎംകെ സ്ഥാനാർത്ഥിയും രാജ്യസഭാ എംപിയുമായ കനിമൊഴിയുടെ വീട്ടിൽ ആദായനികുതി വകുപ്പിന്‍റെ റെയ്‍ഡ്. കനിമൊഴി മത്സരിക്കുന്ന തൂത്തുക്കുടിയിലെ വസതിയിലാണ് റെയ്‍ഡ്. വീടിന്റെ ഒന്നാം നിലയിൽ കണക്കിൽപെടാത്ത പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് പരിശോധനയെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ‌ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ അധികൃതരും ഒപ്പമുണ്ടായിരുന്നു.
ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ സഹോദരിയും രാജ്യസഭാംഗവുമാണ് കനിമൊഴി.

ഇത് രാഷ്ട്രീയപകപോക്കലാണെന്ന് ആരോപിച്ച് ഡിഎംകെയും രംഗത്തെത്തിയിട്ടുണ്ട്. ”ബിജെപിയുടെ സംസ്ഥാനപ്രസിഡന്‍റും കനിമൊഴിയുടെ എതിർസ്ഥാനാർത്ഥിയുമായ തമിഴിസൈ സൗന്ദർ രാജൻ നിരവധി കോടി രൂപ സ്വന്തം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. അവിടെ എന്തുകൊണ്ട് റെയ്‍ഡുകൾ നടത്തുന്നില്ല? തെരഞ്ഞെടുപ്പ് കമ്മീഷനിൽ അടിയന്തരമായി മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് കമ്മീഷനെ ഡിഎംകെയെ താറടിച്ച് കാണിക്കാൻ ഉപയോഗിക്കുകയാണ്.” ഡിഎംകെ അദ്ധ്യക്ഷനും കനിമൊഴിയുടെ സഹോദരനുമായ സ്റ്റാലിൻ ആരോപിച്ചു. ഏപ്രിൽ 18–നാണ് തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പ്.