പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തി രാഹുൽ ഗാന്ധി

1

വയനാട്: വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുൽ ഗാന്ധി തിരുനെല്ലി ക്ഷേത്രത്തിലെത്തി. പത്തേ കാലോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പിതാവ് രാജീവ് ഗാന്ധിക്കുവേണ്ടിയും പുൽവാമയിൽ കൊല്ലപ്പെട്ട സൈനികര്‍ക്കുവേണ്ടിയും ബലിതര്‍പ്പണം നടത്തി.

ബുധനാഴ്ച രാവിലെ കണ്ണൂരില്‍നിന്നാണ് രാഹുല്‍ഗാന്ധി തിരുനെല്ലിയിലെത്തിയത്. തിരുനെല്ലി എസ്.എ.യു.പി. സ്‌കൂള്‍ മൈതാനത്ത് തയ്യാറാക്കിയ ഹെലിപ്പാഡില്‍ പത്തു മണിയോടെയാണ് രാഹുല്‍ഗാന്ധി ഹെലികോപ്റ്റര്‍ ഇറങ്ങിയത്. അവിടെനിന്ന് വാഹനത്തില്‍ പഞ്ചതീര്‍ഥം വിശ്രമമന്ദിരത്തിലെത്തി.

തുടര്‍ന്ന് വസ്ത്രംമാറി ക്ഷേത്രത്തിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധി, ക്ഷേത്രത്തിലെത്തി തൊഴുത്‌ പൂജാരി ചൊല്ലിക്കൊടുത്ത മലയാളത്തിലുള്ള പ്രാര്‍ഥന ഏറ്റുചൊല്ലുകയും ക്ഷേത്ര നടയില്‍ സാഷ്ടാംഗ പ്രണാമം നടത്തുകയും ചെയ്തു. കെപിസിസി പ്രസി‍ഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.

രാഹുല്‍ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ ചിതാഭസ്മം തിരുനെല്ലി പാപനാശിനിയിലാണ് നിമജ്ജനം ചെയ്തിരുന്നത്.

നാമിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ജില്ലയിലെത്തുന്ന ദിവസം രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തിന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സുരസാക്ഷാ പ്രശ്‌നങ്ങൾ കാരണം ഇതിനു അനുമതി നൽകിയിരുന്നില്ല.

രാജീവ് ഗാന്ധിയുടെ ഓര്‍മ്മകൾക്ക് മുന്നിൽ പ്രണാമമര്‍പ്പിച്ച ശേഷം രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലേക്ക് കടക്കും. സുൽത്താൻ ബത്തേരിയിലേക്കാണ് രാഹുൽ ആദ്യം എത്തുന്നത്.