ട്വിറ്ററിന്‍റെ ‘കിളി ‘പോയി: പുതിയ ഡിസൈനുമായി മസ്‌ക്

0

ന്യൂയോർക്ക്: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ ലോഗോ വീണ്ടും മാറ്റി. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. ഇലോൺ മസ്ക്. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയെ വരവേറ്റിരിക്കുകയാണ് ട്വിറ്റര്‍. ‘കിളി’ പോയ ട്വിറ്റർ ഇനി ‘എക്സ്’ എന്ന് അറിയപ്പെടും. ലോകത്തിലെ എറ്റവും പ്രശസ്തമായ ബ്രാൻഡുകളിലൊന്നാണ് ഇതോടെ ഇല്ലാതാവുന്നത്.

ഏവര്‍ക്കും പരിചിതമായ നീല കിളിയുടെ ലോഗോയും ട്വിറ്ററെന്ന പേരും ഇനിയില്ല. വെബ്സൈറ്റിൽ നിന്ന് കിളിയും പേരും പുറത്തായിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡ് നാമങ്ങളിൽ ഒന്നാണ് ഇതോടെ ഓർമ്മയാകുന്നത്. മൊബൈൽ ആപ്പുകളിൽ മാറ്റം വൈകാതെയെത്തുമെന്നാണ് പ്രഖ്യാപനം. വലിയ മാറ്റമാണ് നടപ്പാക്കുന്നതെന്നും ആശയങ്ങളും സേവനങ്ങളും അവസരങ്ങളും ഒത്തുചേരുന്ന ഇടമായി എക്സ് മാറുമെന്നും ട്വിറ്റർ സിഇഒ ലിൻഡ യക്കാറിനോ പ്രതികരിച്ചു. അതേസമയം, മാറ്റത്തിനെതിരെ വിമർശനവുമായി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി.

കഴിഞ്ഞ വർഷം ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മസ്‌ക് നടത്തുന്ന ഏറ്റവും വലിയ അഴിച്ചുപണിയാണിത്. എന്നാൽ ഇതാദ്യമായല്ല എക്സിനെക്കുറിച്ച് പറയുന്നത്. കഴിഞ്ഞ വർഷം പുതിയ സിഇഒയായി ലിൻഡ യാക്കാറിനോയെ തിരഞ്ഞെടുത്തപ്പോൾ ‘ഈ പ്ലാറ്റ്ഫോമിനെ എക്‌സായി മാറ്റുന്നതിന് ലിൻഡയ്‌ക്കൊപ്പം പ്രവർത്തിക്കാൻ കാത്തിരിക്കുകയാണ്’ എന്നാണ് മസ്‌ക് പറഞ്ഞത്.

ഇന്ന് തന്നെ ട്വിറ്ററിന്റെ ഡിഫോൾട്ട് നിറം മാറ്റുന്നതുമായി ബന്ധപ്പെട്ട് മസ്‌ക് ഒരു പോളിങ്ങും ട്വിറ്ററിൽ നടത്തിയിരുന്നു. ‘പ്ലാറ്റ്‌ഫോമിന്റെ ഡിഫോൾട്ട് നിറം കറുപ്പിലേക്ക് മാറ്റണോ’ എന്ന ചോദ്യത്തിനൊപ്പം വോട്ട് ചെയ്യുന്നതിനായി കറുപ്പ്, വെളള നിറങ്ങളിലെ ഇമോജികൾ ഓപ്‌ഷനായും നൽകിയിട്ടുണ്ട്. ഈ പോളിങ്ങിന് മികച്ച പ്രതികരണവും ഉപയോക്താക്കളിൽ നിന്നും ലഭിച്ചു.