സൗദി അറേബ്യയിലേക്ക് 11 മുതല്‍ സര്‍വീസ് തുടങ്ങും: എമിറേറ്റ്സ്

1

ദുബൈ: യുഎഇയില്‍ നിന്നുള്ള യാത്രാ വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചതിന് പിന്നാലെ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എമിറേറ്റ്സ്. സെപ്‍റ്റംബര്‍ 11 മുതല്‍ സൗദി സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് എമിറേറ്റ്സ് പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നത്. ആഴ്‍ചയില്‍ 24 സര്‍വീസുകളാണ് യുഎഇയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നടത്തുക.

സൗദി തലസ്ഥാനമായ റിയാദിലേക്കും ജിദ്ദയിലേക്കും എല്ലാ ദിവസവും യുഎഇയില്‍ നിന്ന് എമിറേറ്റ്സിന്റെ വിമാന സര്‍വീസുണ്ടാവും. ദമ്മാമിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ക്ക് പുറമെ മദീനയിലേക്ക് ആഴ്‍ചയില്‍ മൂന്ന് സര്‍വീസുകളുമാണ് പദ്ധതിയിടുന്നത്. സെപ്‍റ്റംബര്‍ 16 മുതല്‍ റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇരട്ടിയാക്കും. ഈ മാസം അവസാനത്തോടെ മറ്റ് നഗരങ്ങളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് എമിറേറ്റ്സിന്റെ നീക്കം.

യുഎഇ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് സെപ്‍റ്റംബര്‍ എട്ട് മുതലാണ് സൗദി അറേബ്യ പിന്‍വലിച്ചത്. ഈ രാജ്യങ്ങളിലേക്ക് സൗദി സ്വദേശികള്‍ക്ക് യാത്ര ചെയ്യാനും അനുമതി കൊടുത്തു. യുഎഇക്ക് പുറമെ അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നവയാണ് വിലക്ക് നീക്കിയ മറ്റ് രാജ്യങ്ങള്‍.