ആദിവാസി ദളിത് വിഭാഗത്തിൻ്റെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കേരളത്തിൽ വർഷം തോറും വകയിരുത്തുന്ന തുക വളരെ വലുതാണ്. എങ്കിലും ഇന്നും ഈ വിഭാഗത്തിൻ്റെ ജീവിതം ദുരിതപർവ്വമായിത്തന്നെ അവശേഷിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. കോടികൾ സർക്കാർ ഖജനാവിൽ നിന്നും ചോർന്നു പോകുന്നുണ്ടെങ്കിലും ആദിവാസികളുടെ ജീവിതം വല്ലാത്ത വിഷമാവസ്ഥയിൽ തന്നെയാണ്.

ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിലെ മലമ്പണ്ടാരൻമാരുടെ വർത്തമാന ജീവിത ദുരിതം ആരെയും അമ്പരപ്പിക്കുന്ന തരത്തിൽ ക്ലേശകരമാണ്. താമസിക്കാൻ കൂര പോലുമില്ലാതെ, പ്രാഥമിക കർമ്മങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയാത്ത ദുരിത പൂർണ്ണമായ ജീവിതത്തിൽ നിന്ന് ഈ വിഭാഗത്തെ കര കയറ്റാൻ ആദിവാസി ക്ഷേമ വകുപ്പിന് കഴിയുന്നില്ലെന്നത് ദുഃഖകരമായ യാഥാർത്ഥ്യം തന്നെ.

പണം ചെലവഴിക്കുന്ന വഴിയും അതിൻ്റെ ഫലവും മോണിറ്റർ ചെയ്യാൻ വകുപ്പിന് കഴിയാതെ പോകുന്നത് എന്ത് കൊണ്ടാണ്? അദിവാസി ക്ഷേമത്തിന് ചെലവാക്കുന്ന ഭീമമായ തുക കടലിൽ കായംകലക്കിയത് പോലെ മാറിത്തീരുന്നത് തടയാൻ ഇനി എന്താണ് ചെയ്യാൻ കഴിയുക? ” കാട്ടിലെ തടി തേവരുടെ ആന ” എന്ന മനോഭാവം വകുപ്പ് ഭരിക്കുന്നവരും ഉദ്യോഗസ്ഥ മേധാവികളും ഉപേക്ഷിക്കാത്ത കാലം വരെ ആദിവാസി വിഭാഗങ്ങളുടെ ക്ഷേമം പകൽക്കിനാവ് മാത്രമായി അവശേഷിക്കുക തന്നെ ചെയ്യും. ഒരു വസന്തകാലം ഇവർക്കായി വരുമെന്ന പ്രതീക്ഷ തികച്ചും അസ്ഥാനത്താണ്.