മത്സ്യകന്യകയായാൽ മതി! നീന്തിത്തുടിക്കാൻ ജോലി ഉപേക്ഷിച്ച് അധ്യാപിക

0

ലണ്ടൻ: മുഴുവൻ സമയവും മത്സ്യകന്യകയുടെ വേഷമണിയുന്നതിനായി ജോലി പോലും വലിച്ചെറിഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ടിലെ ഒരു ഇംഗ്ലിഷ് അധ്യാപിക. മോസ് ഗ്രീൻ എന്ന യുവതിയാണ് മുഴുവൻസമയം ‘പ്രൊഫഷണൽ മത്സ്യ കന്യക’യാകാനായി ടീച്ചർ ജോലി വേണ്ടെന്നു വച്ചത്. മത്സ്യകന്യകയുടെ വേഷമണിയുന്നതിൽ താൻ അതീവ സന്തുഷ്ടയാണെന്നാണ് മോസ് പറയുന്നത്.

2016ലാണ് മോസ് ഇംഗ്ലിഷ് അധ്യാപികയായി ജോലി ലഭിച്ചതിനെത്തുടർന്ന് ടോർക്വേയിൽ നിന്ന് സിസിലിയിലേക്ക് എത്തിയത്. ഒരിക്കൽ കടൽത്തീരത്ത് ഇരിക്കുമ്പോൾ ഒരു പുരുഷൻ പാതി മത്സ്യത്തിന്‍റെ വേഷമണിഞ്ഞ് കരയിലേക്ക് കയറുന്നത് കണ്ടതോടെയാണ് മോസിന്‍റെ ജീവിതവും മാറി മറിഞ്ഞത്.

മത്സ്യ കന്യകയാകാൻ മോഹം തോന്നിയതോടെ പാതി മത്സ്യത്തിന്‍റെ വേഷമണിഞ്ഞ് നീന്തുന്നത് പഠിക്കുന്നതിനായി ഒരു കോഴ്സിനു ചേർന്നു. മത്സ്യത്തിന്‍റെ ഉടൽ പോലുള്ള വസ്ത്രമണിഞ്ഞ് നീന്താനും മുങ്ങാങ്കുഴിയിടാനും പഠിച്ചതോടെ കടലിനോടും പ്രകൃതിയോടുമെല്ലാം വല്ലാത്തൊരു അടുപ്പം തോന്നിയെന്ന് മോസ്.

ആദ്യമെല്ലാം ഒരു രസത്തിനാണ് മത്സ്യകന്യകയായി മാറിയിരുന്നതെങ്കിൽ വളരെ പെട്ടെന്ന് തന്നെ അതു പ്രൊഫഷനായി മാറുകയായിരുന്നു. അതോടെ ജോലി ഉപേക്ഷിച്ച് മോസ് സ്ഥിരം മത്സ്യകന്യകയായി മാറി. ഇൻസ്റ്റഗ്രാമിൽ മെർമെയ്ഡ് മോസ് എന്ന അക്കൗണ്ട് വഴി മത്സ്യകന്യകയുടെ വേഷത്തിലുള്ള നിരവധി വിഡിയോകളും ചിത്രങ്ങളും മോസ് പങ്കു വച്ചിട്ടുണ്ട്.