ഇൻഡിഗോയുമായുള്ള നിസ്സഹകരണം അവസാനിപ്പിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടു: ഇ.പി.ജയരാജൻ

0

തിരുവനന്തപുരം∙ ഇൻഡിഗോ കമ്പനിയുമായി തുടരുന്ന നിസ്സഹകരണം അവസാനിപ്പിക്കാൻ കമ്പനി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കമ്പനിയുമായി സഹകരിക്കണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ രേഖാമൂലം എഴുതി നൽകാൻ ഇപി ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻഡിഗോ കമ്പനിയുടെ വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ചതിനെ തുടർന്നാണ് വിമാനത്തിലെ യാത്ര ഇപി ഒഴിവാക്കിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി.ജയരാജൻ തള്ളി മാറ്റിയിരുന്നു. വിവാദമായതിനെ തുടർന്ന് ഇന്‍ഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിന് ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തി.

വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആർ.കെ.നവീൻകുമാർ, പി.പി.ഫർസീൻ മജീദ് എന്നിവർക്കും രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തി. യാത്രക്കാരെ കയ്യേറ്റം ചെയ്തത് അൽപംകൂടി ഗുരുതരമായ കുറ്റമായതിനാലാണ് ജയരാജനു മൂന്നാഴ്ച വിലക്ക് ഏർപ്പെടുത്തിയത്.

ഇൻഡിഗോ വിലക്കിനെ രൂക്ഷമായി വിമർശിച്ച ജയരാജൻ, താനോ കുടുംബമോ ഇനി ഒരിക്കലും ഇൻഡിഗോ വിമാനങ്ങളിൽ കയറില്ലെന്നു വ്യക്തമാക്കി. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ഇൻഡിഗോ വിമാനം മാത്രമേ ഉള്ളൂ എന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, നടന്നു പോയാലും അവരുടെ വിമാനത്തിൽ കയറില്ലെന്നായിരുന്നു മറുപടി. അതിനുശേഷം ട്രെയിനിലാണ് ഇപി കണ്ണൂരിലേക്കും തിരികെയും യാത്ര ചെയ്യുന്നത്.