ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികൾക്ക് 42 കോടി രൂപ സമ്മാനം

0

അബുദാബി ∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ റാസൽഖൈമയിലെ മൂന്ന് മലയാളികൾക്ക് 42 കോടിയിലേറെ രൂപ (20 ദശലക്ഷം ദിർഹം) സമ്മാനം. ഡ്രൈവർമാരായ കണ്ണൂർ സ്വദേശി ജിജേഷ് കോറോത്തൻ മൂന്ന് സുഹൃത്തുക്കളായ തൃശൂർ കേച്ചരി സ്വദേശി ഷനോജ് ബാലകൃഷ്ണൻ, മലപ്പുറം സ്വദേശി ഷാജഹാൻ കുറ്റിക്കാട്ടയിൽ എന്നിവരുമായി ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ജോലിയില്ലാത്തതിനാൽ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കാൻ തീരുമാനിച്ചതിനിടെയാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചതെന്ന് 15 വർഷമായി യുഎഇയിലുള്ള ജിജേഷ് പറഞ്ഞു. ഇതോടൊപ്പം നടന്ന മറ്റു നറുക്കെടുപ്പുകളിൽ ഇന്ത്യക്കാരായ രഘു പ്രസാദിന് ഒരു ലക്ഷം ദിർഹവും അനിഷ് തമ്പിക്ക് അരലക്ഷം ദിർഹവും ഫിലിപ്പീൻസ് സ്വദേശി എഡ്വാർഡോ സെബ്രാന് 30,000 ദിർഹവും സമ്മാനം ലഭിച്ചു. കോവിഡ് 19 കാരണം ഇപ്രാവശ്യം യു ട്യൂബിലും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലുമാണ് തത്സമയ നറുക്കെടുപ്പ് കാണിച്ചത്.