പ്രവാസികളുടെ ആദ്യസംഘം ഇന്ന് കരിപ്പൂരിലും കൊച്ചിയിലും

0

കൊച്ചി/ കോഴിക്കോട്: നീണ്ട ആശങ്കകൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ പ്രവാസികൾ തിരിച്ചെത്തുന്നു. ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലുള്ള പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ‘വന്ദേ ഭാരത്’ ദൗത്യത്തിന് ഇന്നുമുതൽ തുടക്കമാകും.

വ്യാഴാഴ്ച രാത്രി 9.40-ന് അബുദാബിയിൽനിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പ്രവാസികളുടെ ആദ്യസംഘമെത്തും. ദുബായിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 10.30-നുമെത്തും. ഇവയുൾപ്പെടെ എട്ട്‌ വിമാനങ്ങളാണ്‌ ആദ്യദിനം വിദേശത്തുനിന്ന്‌ ഇന്ത്യയിലെ വിവിധ നഗരങ്ങളിലെത്തുന്നത്.

റിയാദ് കോഴിക്കോട് വിമാനം വെള്ളിയാഴ്ചത്തേക്കും, ദോഹ കൊച്ചി സര്‍വ്വീസ് ശനിയാഴ്ചത്തേക്കും അവസാനനിമിഷം മാറ്റിയത് ആശയക്കുഴപ്പമായെങ്കിലും കണ്ണൂരിലേക്കും വിമാനം അനുവദിച്ചിട്ടുണ്ടെന്നത് ആശ്വാസമാണ്.

നെടുമ്പാശ്ശേരിയിൽ 179-ഉം കരിപ്പൂരിൽ 189-ഉം പ്രവാസികളാണ് എത്തുന്നത്. ഒരു വിമാനത്തിൽ 200 പേരെയെങ്കിലും കൊണ്ടുപോകാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, സാമൂഹിക അകലം പാലിക്കുക എന്ന നിർദേശത്തിന്റെ ഭാഗമായി എണ്ണം ചുരുക്കുകയായിരുന്നു.

കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് യാത്രക്കാരെ കൊണ്ടുവരുന്നത്. യാത്രക്കാർ അഞ്ചുമണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം. വൈറസ് ബാധിതരല്ലെന്ന് ഉറപ്പുവരുത്താൻ കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് പൂർത്തിയാക്കുന്നതിനാണിത്. 20 മിനിറ്റാണ് റാപ്പിഡ് ടെസ്റ്റിന് വേണ്ടത്. പരിശോധനാഫലം നെഗറ്റീവ് ആകുന്നവർക്ക് മാത്രമാണ് വിമാനത്തിനുള്ളിലേക്ക് പ്രവേശനാനുമതി. കോവിഡ് പോസിറ്റീവ് ആവുന്നവർ യു.എ. ഇ. നിഷ്‌കർഷിക്കുന്ന ഐസൊലേഷൻ അടക്കമുള്ള നടപടികൾക്ക് വിധേയരാകേണ്ടിവരും.

യാത്രക്കാർ പൂരിപ്പിക്കേണ്ട സത്യവാങ്മൂലം ഉൾപ്പടെയുള്ള ഫോറങ്ങളുമായാണ് വിമാനങ്ങൾ പുറപ്പെടുക. തിരികെ വരുന്ന വിമാനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് ബേ ഉണ്ട്, എയ്റോബ്രിഡ്ജുകളും. യാത്രക്കാരെ കർശനസുരക്ഷാ സംവിധാനങ്ങളോടെ പുറത്തെത്തിക്കാൻ പല തവണ മോക് ഡ്രിൽ നടത്തി പരിശീലനം നടത്തിക്കഴിഞ്ഞു.

യാത്രക്കാർക്ക് 500 ട്രോളികളുണ്ട്. എല്ലാ യാത്രക്കാരും കയ്യുറ ധരിച്ചേ അകത്ത് കയറാവൂ. ഡ്രൈ ഫുഡ്, വെള്ളം എന്നിവ സിയാൽ നൽകും. വിമാനത്താവളത്തിലെ എല്ലാ കസേരകളും തൽക്കാലത്തേക്ക് പ്ലാസ്റ്റിക്കാക്കിമാറ്റി. പനി, ചുമ, ജലദോഷം തുടങ്ങി പ്രത്യക്ഷ രോഗലക്ഷണങ്ങളുള്ളവർക്കും യാത്രാനുമതിയില്ല. വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് മുഖാവരണം, ഗ്ളൗസ്, അണുനാശിനി എന്നിവയടക്കം ഉൾപ്പെടുന്ന സുരക്ഷാക്കിറ്റുകൾ വിതരണം ചെയ്യും. യാത്രക്കാരെല്ലാം മാസ്‌ക്കും ഗ്ലൗസും നിർബന്ധമായും ധരിച്ചിരിക്കണം. വിമാനത്താവളത്തിനുള്ളിൽ സാമൂഹിക അകലം പാലിക്കുകയും മറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

യാത്രക്കാർക്ക് 25 കിലോഗ്രാം ബാഗേജ് കൊണ്ടുപോകാൻ അനുമതിയുണ്ട്. ഏഴ് കിലോ വരുന്ന ഹാൻഡ് ലഗേജും കൊണ്ടുവരാം. വന്ദേഭാരത് മിഷൻ വഴി പ്രവാസികളെ തിരികെ കൊണ്ടുവരാനുള്ള ക്രമീകരണങ്ങളെക്കുറിച്ചുള്ള മാർഗരേഖ പ്രകാരം പ്രവാസികളെ 20 അംഗസംഘമായിട്ടാകും പുറത്തിറക്കുക. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായിട്ടാണിത്. ഡിആർഡിഒയുടെ സഹായത്തോടെ വിശാലമായ സൗകര്യങ്ങളോടെയാകും ബാഗേജുകൾ അണുനശീകരണം നടത്തുക.

യു.എ.ഇ.യിൽനിന്നും ആദ്യഘട്ടത്തിൽ മടങ്ങുന്നവരിൽ ജോലി നഷ്ടമായവരും ഗർഭിണികൾ, അവർക്കൊപ്പമുള്ള ബന്ധുക്കൾ, മറ്റ് രോഗങ്ങളുള്ളവർ, പ്രായമായവർ തുടങ്ങി എല്ലാ ആളുകളുമുണ്ട്. മെയ് 13 വരെ നീണ്ടു നില്‍ക്കുന്ന ഈ ദൗത്യത്തിന്റെ ഭാഗമായി 15,000 പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഇന്ത്യ കരുതുന്നത്.