യാത്രാവിലക്ക് നീങ്ങി: പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യു.എ.ഇയിലേക്ക് പ്രവേശിക്കാം

1

ദുബായ്: പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് ഇന്നുമുതല്‍ യു.എ.ഇ. നീക്കി. യു. എ.ഇ. അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് ബുധനാഴ്ചമുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്.

എന്നാൽ ഇന്ന് സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ പ്രമുഖ വിമാന കമ്പനികളുടെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പ് ഉണ്ടായിട്ടില്ല. പുറപ്പെടുന്നതിന് 4 മണിക്കൂറിനകം റാപ്പിഡ് പരിശോധന നടത്താനുള്ള സംവിധാനം ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇല്ലാത്തതും പ്രവാസികളെയും വിമാനക്കമ്പനികളേയും ആശയക്കുഴപ്പത്തിലാക്കുകയാണ്.

കേരളത്തില്‍ നാലുവിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വംമൂല ലം ഒട്ടുമിക്ക വിമാനക്കമ്പനികളും ടിക്കറ്റ്ബുക്കിങ് ഇപ്പോഴും നിര്‍ത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല, ദുബായില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ വേണമെന്ന നിബന്ധനയും ആശയക്കുഴപ്പമുണ്ടാക്കുന്നു.

ഈ മാസം ഇരുപത്തിമൂന്നാം തിയതി മുതല്‍ ദുബൈയിലേക്കുള്ള യാത്രാ വിലക്ക് നീക്കിയതായി കഴിഞ്ഞ ദിവസമാണ് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചത്. ഇതേ തുടർന്ന് എമിറേറ്റ്സ് വിമാനം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചെങ്കിലും ഒരു മണിക്കൂറിനകം നിർത്തലാക്കി. ഫ്ലൈദുബായിയും ഇൻഡിഗോയും സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു.

യാത്രയ്ക്ക് മുൻപു ജിഡിആർഎഫ്എ, ഐസിഎ അനുമതി വാങ്ങിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വന്നാല്‍ മാത്രം ടിക്കറ്റ് ബുക്കിങ് ആരംഭിച്ചാല്‍ മതിയെന്നാണ് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതരുടെ തീരുമാനം.