പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കാൻ ക്ഷണിച്ച് എംബസി; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

0

റിയാദ്: ജനുവരി എട്ട് മുതൽ 10 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ, സൗദിയിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിൽനിന്ന് സാധ്യമാകുന്നവരെല്ലാം പങ്കെടുക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. സൗദി അറേബ്യയിൽ ചെറുതും വലുതുമായ നാനൂറോളം പ്രവാസി സംഘടനകളുണ്ട്. ഒരു സംഘടനയിൽ നിന്ന് ഒരാളെങ്കിലും പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കാന്‍ ശ്രമിക്കണമെന്ന് ഇന്ത്യൻ സ്ഥാനപതിയുടെ ചുമതല വഹിക്കുന്ന എൻ. രാംപ്രസാദ് വാർത്താസേമ്മളനത്തിൽ ആവശ്യപ്പെട്ടു.

ഇതിനായി രജിസ്ട്രേഷൻ നടത്താൻ പ്രവാസി സമൂഹത്തിൽനിന്നുള്ളവരെ അദ്ദേഹം ക്ഷണിച്ചു. pbdindia.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കേണ്ടത്. 10 പേരടങ്ങുന്ന ഒരു സംഘമായോ ഒറ്റക്കോ രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഒരാൾക്ക് ഒരു ദിവസത്തേക്ക് 5,000 ഇന്ത്യൻ രൂപയും രണ്ട് ദിവസത്തേക്ക് 7,500 രൂപയും മൂന്ന് ദിവസത്തേക്ക് 10,000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. പത്തോ അതിലധികമോ ആളുകളുള്ള സംഘങ്ങൾ ഒന്നിച്ചു രജിസ്റ്റർ ചെയ്യുമ്പോൾ 25 ശതമാനം ഇളവ് ലഭിക്കും.

1915 ജനുവരി ഒമ്പതിന് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് മുംബൈയിലേക്ക് മടങ്ങിയതിന്റെ സ്മരണാർഥമാണ് പ്രവാസി ഭാരതീയ ദിനം ആഘോഷിക്കുന്നത്. ജനുവരി ഒമ്പതിന് പ്രധാനമന്ത്രിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. പ്രവാസികളുടെ പ്രശ്നങ്ങളും ആശങ്കകളും ചർച്ച ചെയ്യുന്ന ഫോറങ്ങളും വ്യത്യസ്തത മേഖലകളിൽ കഴിവ് തെളിയിച്ച പ്രവാസി പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും പ്രവാസി ദിവസിന്റെ ഭാഗമായി നടക്കും.

2003 മുതൽ 2015 വരെ വർഷംതോറും പിന്നീട് രണ്ട് വർഷത്തിലൊരിക്കലുമാണ് പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കുന്നത്. 16-ാം ദിവസാചരണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിർച്വൽ പ്ലാറ്റ്‍ഫോമിലാണ് നടന്നത്. ഓരോ സമ്മേളനങ്ങളും വ്യത്യസ്ത സംസ്ഥാനങ്ങളിലാണ് സംഘടിപ്പിക്കുന്നത്. 2013ൽ 11-ാമത് സമ്മേളനം കേരളത്തിലാണ് നടന്നത്. സമ്മേളനത്തിന്റെ 17-ാം പതിപ്പ് നടക്കുന്ന മധ്യപ്രദേശ് രണ്ടാം തവണയാണ് ഈ സമ്മേളനത്തിന് വേദിയാകുന്നത്. റിയാദ് എംബസി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പ്രസ് ആൻഡ് ഇൻഫർമേഷൻ കൾച്ചറൽ സെക്കൻഡ് സെക്രട്ടറി മോയിൻ അക്തറും പങ്കെടുത്തു.