തമിഴ്നാട്ടില്‍ നിന്നെത്തുന്ന കോഴികളില്‍ മാരക വൈറസ്; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

0

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ എത്തുന്ന കോഴികളില്‍ മാരക വൈറസ് ബാധയുണ്ടോ? കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായ ആ വാര്‍ത്തയില്‍ വല്ല സത്യവുമുണ്ടോ? എന്നാല്‍ പേടിക്കേണ്ട, കോഴികളിൽ മാരക വൈറസ് ബാധിച്ചിരിക്കുന്നുവെന്നും അതു മനുഷ്യരിൽ സാംക്രമിക രോഗത്തിനു കാരണമാകുമെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് ആരോഗ്യ ഡയറക്ടർ ഡോ ആർഎൽ സരിത.

വൈറസ് ബാധിച്ച കോഴികളെ ഭക്ഷിക്കുന്നതിലൂടെയും അവയെ പരിപാലിക്കുന്നതിലൂടെയും വൈറസ് മനുഷ്യശരീരത്തില്‍ എത്തുകയും ദേഹത്ത് തടിച്ച കുമിളകള്‍ രൂപപ്പെടുകയും ചെയ്യുമെന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത. ഇതു സംബന്ധിച്ച് ആരോഗ്യ ഡയറക്ടർ തമിഴ്നാട് ആരോഗ്യ വിഭാഗത്തിൽ നിന്നു സ്ഥിരീകരണം തേടുകയും വാർത്ത തെറ്റാണെന്നു മനസ്സിലാക്കുകയും ചെയ്തു.ജനങ്ങളിൽ ആശങ്ക ജനിപ്പിക്കുന്ന ഇത്തരം വ്യാജ വാർത്തകൾക്കെതിരെ നടപടി എടുക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.