തൃശൂരില്‍ ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം; പിതാവിന് പിന്നാലെ മകനും മരിച്ചു

0

തൃശൂര്‍ എറവില്‍ ആംബുലന്‍സും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി 36 വയസ്സുള്ള ജിതിന്‍, മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന്‍ സംഭവസ്ഥലത്ത് വെച്ചും മകന്‍ ചികിത്സയിരിക്കെയുമാണ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജിതിന്റെ ഭാര്യയും ഭാര്യപിതാവും ചികിത്സയില്‍ തുടരുകയാണ്.

തൃശൂര്‍ – വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുന്‍ വശത്ത് ഇന്ന് പുലര്‍ച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം. ദിശ തെറ്റിക്കയറിയ ഓട്ടോ ടാക്‌സിയും ആംബുലന്‍സും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. അന്തിക്കാട് പുത്തന്‍പീടികയിലെ പാദുവ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജിതിന്റെ മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് ചികിത്സയിരിക്കെ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്.

ഓട്ടോയിലുണ്ടായിരുന്ന ജിതിന്റെ ഭാര്യ തളിക്കുളം സ്വദേശി നീതു, ഭാര്യാ പിതാവ് കണ്ണന്‍ എന്നിവര്‍ ഗുരുതര പരുക്കുകളോടെ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. പരുക്കേറ്റവരെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഓട്ടോയില്‍ ജിതിനും മകനുമടക്കം 4 പേരാണ് ഉണ്ടായിരുന്നത്. ഒളരിയിലെ ആശുപത്രിയില്‍ നിന്ന് ജിതിന്റെ മകനെ ഡോക്ടറെ കാണിച്ചു മടങ്ങി വരുമ്പോഴായിരുന്നു അപകടം.

നാട്ടുകാരും അന്തിക്കാട് പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവറും രോഗിയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.