രണ്ട് മക്കളേയും ആലുവ പുഴയിലെറിഞ്ഞ് കൊന്ന് പിതാവ്

0

ആലുവയില്‍ രണ്ട് മക്കളേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം പിതാവും പുഴയിലേക്ക് എടുത്തുചാടി. കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു. 16 വയസുള്ള പെണ്‍കുട്ടിയുടേയും 13 വയസുള്ള ആണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ആലുവ മണപ്പുറം പാലത്തില്‍ നിന്നാണ് ഇരുവരേയും പിതാവ് പുഴയിലേക്ക് തള്ളിയിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വൈകീട്ട് അഞ്ച് മണിമുതല്‍ നടപ്പാലത്തില്‍ പിതാവും കുട്ടികളും നില്‍ക്കുന്നതായി ശ്രദ്ധിച്ചിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു. മക്കളുമൊത്ത് ഉലാത്തിയിരുന്ന പിതാവ് അപ്രതീക്ഷിതമായി ആണ്‍കുട്ടിയെ പുഴയിലേക്ക് തള്ളിയിട്ടു. ഇത് കണ്ട് ഭയന്ന് പെണ്‍കുട്ടി നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്താന്‍ തുടങ്ങിപ്പോള്‍ പെണ്‍കുട്ടിയേയും പിതാവ് പുഴയിലെറിഞ്ഞ ശേഷം പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു.

നാട്ടുകാര്‍ ഉടന് തന്നെ രണ്ട് കുട്ടികളേയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്കിലും രണ്ടുപേരേയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. പുഴയിലേക്ക് ചാടിയ പിതാവിനായി പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്.