ഖത്തറില്‍ നാല് പേര്‍ക്ക് കൂടി കോവിഡ്-19; ഇതുവരെ രോഗം സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്

0

ഖത്തറില്‍ നാല് കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നുമെത്തിയ രണ്ട് സ്വദേശികളിലും രണ്ട് തൊഴിലാളികളിലുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം ബാധിതരുടെ എണ്ണം ഏഴായി.

ഫെബ്രുവരി 27ന് ഖത്തര്‍ ഭരണകൂടം പ്രത്യേക വിമാനത്തില്‍ ഇറാനില്‍ കൊണ്ടുവന്നവരുടെ സംഘത്തിലുണ്ടായിരുന്നവരുടെ സംഘത്തിലുണ്ടായിരുന്നവരാണ് ഇവര്‍. അന്നുമുതല്‍ പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് ഖത്തറില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് അന്നു തന്നെ മറ്റ് രണ്ടുപേര്‍ക്ക് കൂടി രാജ്യത്ത് കൊറോണ ബാധിച്ചതായി കണ്ടെത്തി.

ഇതോടെ ഖത്തറില്‍ മൊത്തം രോഗബാധിതരുടെ എണ്ണം ഏഴായി. ഏഴ് പേരും ഒരേ വിമാനത്തില്‍ ഇറാനില്‍ നിന്നുമെത്തിയവരാണ്. എന്നാല്‍ ഇവരില്‍ നിന്നും ഖത്തറിലെ മറ്റുള്ളവരിലേക്ക് രോഗം പടരാനുള്ള സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കുന്ന ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മുഴുവന്‍ ജനങ്ങളും പൊതു ഇടങ്ങളില്‍ ഇറങ്ങുമ്പോള്‍ മാസ്കുകള്‍ ധരിക്കണമെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.