ദുബായ് എമിഗ്രേഷൻ പുതിയ പ്രവൃത്തിസമയം പ്രഖ്യാപിച്ചു

0

ദുബായ് ∙ ഈ വർഷം മുതൽ യുഎഇ പുതിയ വാരാന്ത്യത്തിലേയ്ക്ക് മാറുന്നതിന് അനുസൃതമായി ദുബായ് എമിഗ്രേഷൻ (ജിഡിആർഎഫ്എ ദുബായ്) തങ്ങളുടെ ഓഫീസുകളുടെ പുതിയ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രണ്ടു ഷെഡ്യൂളുകളിലായി രാവിലെ 7.30 മുതൽ വൈകിട്ട് ഏഴു വരെയാണ് ജിഡിആർഎഫ്എ ദുബായ് ഓഫീസുകളുടെ സേവനം ലഭ്യമാവുകയെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു.

തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 3.30 വരെയാണ് ആദ്യ സമയക്രമം. രാവിലെ 11 മുതൽ വൈകിട്ട് ഏഴു വരെയാണ് രണ്ടാം ഷിഫ്റ്റ്. എന്നാൽ വെള്ളിയാഴ്ച ആദ്യസമയക്രമം രാവിലെ 7.30ന് തുടങ്ങി 12ന് അവസാനിക്കും. തുടർന്ന് ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് ഏഴു വരെയാണ് ജിഡിആർഎഫ്എ പ്രധാന ഓഫീസ് സേവനം ലഭ്യമാവുകയെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയും ഞായറാഴ്ചയും ഓഫീസിന് വാരാന്ത്യ അവധിയായിരിക്കും.

കഴിഞ്ഞ വർഷം വരെ സര്‍ക്കാര്‍ മേഖലയില്‍ ആഴ്‍ചയില്‍ അഞ്ചു ദിവസമാണ് പ്രവൃത്തി ദിനമെങ്കില്‍ ഈ വര്‍ഷം അത് നാലര ദിവസമായി കുറയും. ലോകത്തുതന്നെ ഇത്തരത്തില്‍ പ്രതിവാര പ്രവൃത്തി ദിനം അഞ്ച് ദിവസത്തില്‍ താഴെയാക്കി കുറയ്‍ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ. ശനിയും ഞായറും അവധി ദിനങ്ങളായ ലോകരാജ്യങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകള്‍ പുതിയ തീരുമാനത്തിലൂടെ കൂടുതല്‍ സുഗമമാവും. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ബഹുരാഷ്‍ട്ര കമ്പനികള്‍ക്ക് കൂടുതല്‍ ശക്തമായ ബിസിനസ് ബന്ധങ്ങളും അവസരങ്ങളും ഇതിലൂടെ കൈവരും.