ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ആശ്രയിച്ച് ഷൂമാക്കറുമായി വ്യാജ അഭിമുഖം; ജര്‍മന്‍ മാഗസിൻ എഡിറ്ററെ പുറത്താക്കി

0

ബര്‍ലിന്‍: മൈക്കല്‍ ഷൂമാക്കറുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിലൂടെ വ്യാജ അഭിമുഖം നിർമ്മിച്ച് പ്രസിദ്ധപ്പെടുത്തിയ ജര്‍മൻ മാഗസിൻ ഡി ആക്റ്റുവല്‍ വാരികയുടെ എഡിറ്റര്‍ ആനി ഹോഫ്മാനെ പുറത്താക്കി. 2009 മുതല്‍ വാരികയുടെ എഡിറ്ററാണ് ആനി ഹോഫ്മാന്‍.

ലേഖനത്തിന്റെ പേരിൽ ഫുങ്ക് ഗ്രൂപ്പ് മീഡിയ മാനേജിംഗ് ഡയറക്ടര്‍ ബിയാന്‍ക പോള്‍മാന്‍ ഷൂമാക്കറിന്റെ കുടുംബത്തോട് ക്ഷമാപണവും നടത്തി. അപകടത്തെ തുടർന്നു വർഷങ്ങളായി വിശ്രമജീവിതത്തിലാണു ഫോർമുല 1 റേസിംഗ് ചാമ്പ്യൻ മൈക്കൽ ഷൂമാക്കർ. ഏപ്രില്‍ 15 ലക്കത്തിലായിരുന്നു വ്യാജ അഭിമുഖം പ്രസിദ്ധീകരിച്ചത്. മറ്റുള്ളവരുടെ സഹായത്തോടെ തനിക്ക് എഴുന്നേറ്റു കുറച്ചുദൂരം നടക്കാനാകുമെന്നും ഭാര്യയുടെയും കുട്ടികളുടെയും പിന്തുണയാണ് അതിജീവനത്തിനു പ്രേരണയെന്നും ഷൂമാക്കറിന്റേതായി പുറത്തുവന്ന വ്യാജ അഭിമുഖത്തിലുണ്ട്. കാരക്ടര്‍ ഡോട്ട് എഐ എന്ന നിര്‍മിതബുദ്ധി പ്രോഗ്രാമിന്‍റെ സഹായത്താലാണു ഷൂമാക്കറിന്റെ പ്രതികരണം തയ്യാറാക്കിയത്.

2013 ഡിസംബർ 29 നാണു മൈക്കൽ ഷൂമാക്കർ സ്കീയിങ് അപകടത്തിൽപ്പെട്ട് അബോധാവസ്ഥയിലായത്. അവധി ആഘോഷത്തിനിടെ ഫ്രഞ്ച് ആൽപ്സ് പർവത നിരകളിൽ മകൻ മിക്ക് ഷൂമാക്കറിനൊപ്പം സ്കീയിങ് നടത്തുമ്പോൾ തെന്നിവീണു തല പാറയിലിടിച്ചു ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. വിമാനമാർഗം ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന് ഉടനെ രണ്ടു ശസ്ത്രക്രിയകൾ നടത്തി. ജീവൻ പിടിച്ചു നിർത്തിയെങ്കിലും ശരീരത്തിന്റെ ചലനാവസ്ഥയും ബോധവും നഷ്ടമായി.

മാസങ്ങളുടെ ചികിത്സയ്ക്കൊടുവിൽ സ്വിറ്റ്സർലാൻഡിലെ സ്വന്തം വീട്ടിൽ പ്രത്യേക ചികിത്സാ മുറിയിലാണു ഷൂമി. 54 വയസുള്ള ഷുമാക്കർ ഏഴുവട്ടം ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ലോകചാമ്പ്യനായിട്ടുണ്ട്. 2015 ല്‍ ഷൂമാക്കറുടെ ഭാരിയ കോറിന ഷൂമാക്കറെ കുറിച്ചു ഇതേ മാസിക പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനം വിവാദമായിരുന്നു. കോറിന അതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചെങ്കിലും കോടതിയില്‍ മാസികയ്ക്ക് അനുകൂലമായിട്ടായിരുന്നു വിധി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.