ഭയമാകുന്നു, ഉറങ്ങിയിട്ട് ദിവസങ്ങളായി; ഇനി ഈ പണിക്കില്ല: ‘ഗോഡ്ഫാദർ’ വിഡിയോയുടെ സ്രഷ്ടാവ് പറയുന്നു

0

ഹോളിവുഡ് ക്ലാസിക് ‘ഗോഡ്ഫാദറി’ന്‍റെ, മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ചുള്ള മലയാളം വേര്‍ഷന്‍ വൈറലായതിനു പിന്നാലെ പ്രതികരണവുമായി വിഡിയോയുടെ സ്രഷ്ടാവ് ടോം ആന്‍റണി. ആ വൈറല്‍ വിഡിയോ തന്നെ സന്തോഷിപ്പിക്കുകയല്ല, ഭയപ്പെടുത്തുകയാണെന്നും ഇനി ഇത്തരം വിഡിയോകൾ നിർമിക്കില്ലെന്നും തന്റെ ‘വവ്വാല്‍ മനുഷ്യന്‍’ എന്ന യൂട്യൂബ് ചാനലിലൂടെ ടോം പറഞ്ഞു. മൂന്നു നാലു ദിവസമായി ഉറങ്ങിയിട്ട് എന്നും ഇത്തരത്തില്‍ ഒരു വിഡിയോ ചെയ്തതില്‍ താന്‍ ഒരിക്കലും അഭിമാനിക്കുന്നില്ലെന്നും ടോം പറയുന്നു. ഇതിലും നന്നായി ഈ വിഡിയോ നിര്‍മിക്കാന്‍ തനിക്ക് അറിയാം. പക്ഷേ അത്തരത്തില്‍ ഒരു വിഡിയോയുടെ ഫലം പ്രതീക്ഷിക്കുന്നതിലും ഭയപ്പെടുത്തുന്നതായിരിക്കുമെന്നും ടോം കൂട്ടിച്ചേർത്തു.

‘‘ഈ വിഡിയോ വൈറലാകും എന്ന കരുതിയതല്ല. ഞാനിട്ട വിഡിയോ മറ്റൊരാള്‍ ഡൗണ്‍ലോഡ് ചെയ്ത് റീ പോസ്റ്റ് ചെയ്തതോടെയാണ് വൈറലാകുന്നത്. എനിക്ക് നിയന്ത്രിക്കാന്‍ പോലുമായില്ല, ആദ്യം സന്തോഷിച്ചിരുന്നു. എന്നാല്‍ പിന്നീട് എല്ലാവര്‍ക്കും അറിയേണ്ടത് ഇത് എങ്ങനെ ഉണ്ടാക്കി എന്ന‌ു മാത്രമായിരുന്നു. ആ ചോദ്യമാണ് എന്നെ ഭയപ്പെടുത്തുന്നത്. ഒരാളുടെ ഫോട്ടോ കിട്ടിയാല്‍ ആര്‍ക്കുവേണമെങ്കിലും ഇതുപോലെയുള്ള വിഡിയോകള്‍ ഉണ്ടാക്കാം.

ഈ വിഡിയോ ഉണ്ടാക്കിയത് എഐയുടെ ചെറിയൊരു ആപ്ലിക്കേഷൻ വഴിയാണ്. ഇത് പുതിയ ടെക്നോളജിയല്ല. അഞ്ചു വർഷം മുൻപ് ഇറങ്ങിയതാണ്. ആളുകള്‍ ഇപ്പോഴാണ് അറിഞ്ഞുവരുന്നത്. ആർക്കു വേണമെങ്കിലും ഇതുപോലുള്ള വിഡിയോ ഉണ്ടാക്കാം. വലിയ ബുദ്ധിയൊന്നും വേണ്ട. ഒരാളുടെ ഫോട്ടോ കിട്ടിയിൽ എന്തു വിഡിയോ വേണമെങ്കിലും നിർമിക്കാം. നിങ്ങൾക്ക് മനസ്സിലായെന്ന് വിചാരിക്കുന്നു. ഞാൻ നിർത്തി. വേറെ ഒരാളുടെ മുഖം വച്ച് അയാളുടെ അനുവാദമില്ലാതെ ഇനി വിഡിയോ നിർമിക്കില്ല.’’–യുവാവ് പറഞ്ഞു.

നിർമിതബുദ്ധി ഉപയോഗിച്ചുള്ള ചിത്രങ്ങളും വിഡിയോകളും വൈറലാകുമ്പോള്‍ അതിന്‍റെ ഭയാനകമായ മറ്റൊരു വശംകൂടിയാണ് യുവാവ് പങ്കുവയ്ക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് തയാറാക്കിയ ഗോഡ്ഫാദറിന്‍റെ മലയാളം വേര്‍ഷന്‍ ഇതിനകം വൈറലായിരുന്നു.