മറക്കില്ലൊരിക്കലും; രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ സൈനികരുടെ പേരുകൾ ശരീരത്തിൽ ടാറ്റൂ ചെയ്ത് യുവാവ്

0

ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനീറിൽ ഗോപാൽ സഹരൺ എന്ന യുവാവ് ജവാൻമാരുടെ പേരുകൾ തന്‍റെ ശരീരത്തിൽ ടാറ്റൂ ചെയ്തുകൊണ്ടാണ് അവരുടെ ജീവത്യാഗത്തിനു മുന്നിൽ പ്രണാമം അർപ്പിച്ചത്. വീരമൃത്യു വരിച്ച 71 സൈനികരുടെ പേരുകളാണ് ഗോപാൽ തന്‍റെ ശരീരത്തിൽ ടാറ്റൂ ചെയ്തിരിക്കുന്നത്. നാൽപത് സൈനികരാണ് പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

സമീപകാലത്ത് നടന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ കൂടി താൻ ടാറ്റൂ ചെയ്തുവെന്ന് സഹരൺ പറയുന്നു. രാജ്യത്തിന് വേണ്ടി ജീവൻ നൽകിയവരുടെ പേരുകൾ ഒരിക്കലും മറന്നു പോകാതിരിക്കാനാണ് ഇപ്രകാരം ചെയ്തതെന്നും ​ഗോപാൽ കൂട്ടിച്ചേർക്കുന്നു.

‘നമ്മുടെ ധീര സൈനികരുടെ പേര് എന്നെന്നും ഓർമ്മിക്കപ്പെടണമെന്നും അതിന് വേണ്ടി വ്യത്യസ്തമായ രീതിയിൽ എന്തെങ്കിലും ചെയ്യണമെന്നും ഞാൻ തീരുമാനിച്ചിരുന്നു. പുൽവാമയിലെ 40 സൈനികരുൾപ്പെടെ മറ്റ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട 31 സൈനികരുടെ പേരുകൾ കൂടി ഞാൻ ടാറ്റൂ ചെയ്തു.” ​ഗോപാൽ സഹരൺ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർ‌ട്ട് ചെയ്യുന്നു. പേരുകൾ മാത്രമല്ല, ദേശീയ പതാകയുടെ ചിത്രം കൂടി ​ഗോപാൽ ടാറ്റൂ ചെയ്തിട്ടുണ്ട്.