സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയിൽ ഗവർണറുടെ തീരുമാനം ഇന്ന്

0

തിരുവനന്തപുരം: മന്ത്രിസഭാ പുനപ്രവേശനത്തിന് ഒരുങ്ങുന്ന സജി ചെറിയാന്റെ സത്യപ്രതിജ്ഞയിൽ ഗവർണറുടെ തീരുമാനം ഇന്ന്. ഭരണഘടനയെ അവഹേളിച്ച കേസ് കോടതി തീർപ്പാക്കുന്നതിന് മുൻപ് സജി മന്ത്രി സ്ഥാനത്ത് തിരിച്ചത്തുന്നത് നിയമപരമായി നിലനിൽക്കുമോ എന്ന് ഗവർണർ നിയമോപദേശം തേടിയിരുന്നു.

മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാൻ ഗവർണർക്ക് അധികാരമില്ലെന്നാണ് സ്റ്റാന്റിംഗ് കൗൺസിൽ അറിയിച്ചത്. ആവശ്യമെങ്കിൽ സർക്കാരിനോട് വിശദീകരണം തേടാമെന്നും നിയമോപദേശത്തിലുണ്ട്. അതുകൊണ്ട് തന്നെ രാജ്ഭവന്റെ തുടർ നീക്കങ്ങളിലാണ് ആകാംക്ഷ.

വൈകീട്ടോടെ ഗവർണർ തലസ്ഥാനത്ത് എത്തും. തുടർന്നായിരിക്കും സത്യപ്രതിജ്ഞയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. മുൻ നിശ്ചയിച്ചത് അനുസരിച്ച് തന്നെ സത്യപ്രതിജ്ഞയുമായി മുന്നോട്ട് പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.