ശ്രീനാഥ് ഭാസിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി

0

കൊച്ചി : ഓണ്‍ലൈന്‍ അവതാരകയെ അഭിമുഖത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരി കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് കാണിച്ച് ഹർജി നൽകിയിരുന്നു. ഇതിന് പിന്നാ‌ലെയാണ് ഹൈക്കോടതി കേസ് റദ്ദാക്കിയിരിക്കുന്നത്.

ക്ഷമാപണം നടത്തിയ സാഹചര്യത്തില്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്. കേസ് നേരത്തെ സ്റ്റേ ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ സിനിമാ നിര്‍മാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചര്‍ച്ചയില്‍ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാലാണ് പരാതി പിന്‍വലിക്കുന്നതെന്നും അഭിഭാഷകന്‍ അറിയിച്ചിരുനനു. പരാതി പിന്‍വലിക്കുകയാണെന്നു കാട്ടി കോടതിക്കു നല്‍കാനുള്ള ഹര്‍ജിയില്‍ പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഒപ്പിട്ടു നല്‍കുകയും ചെയ്തു.