വ്യവസായിയുടെ നഗ്നചിത്രമെടുത്ത് പണം തട്ടിയ കേസിൽ മേക്കപ്പ് ആർട്ടിസ്റ്റും സഹായിയും പിടിയിൽ

0

തൃക്കാക്കര : വ്യവസായിയുടെ നഗ്ന ചിത്രങ്ങളെടുത്ത് പണം തട്ടിയ കേസിൽ യുവതിയുൾപ്പടെ രണ്ടുപേർ പിടിയിൽ. സിനിമ സീരിയൽ മേക്കപ്പ് ആർട്ടിസ്റ്റ് മാമംഗലം ചെറിയപട്ടാരപ്പറമ്പിൽ ജൂലി ജൂലിയൻ (37) സഹായിയും സുഹൃത്തുമായ കാക്കനാട് അത്താണി സ്വദേശി കെ.എസ് കൃഷ്ണകുമാർ (മഞ്ജീഷ് 33) എന്നിവരെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 27 ന് കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ മോർ സൂപ്പർ മാർക്കറ്റിന് സമീപം പ്രതികൾ ബ്യൂട്ടിപാർലർ തുടങ്ങാനെന്ന പേരിൽ വാടകയ്ക്കെടുത്ത വീട്ടിൽ വച്ചാണ് സംഭവം. കുറെക്കാലമായി അടുപ്പമുള്ള വ്യവസായിയെയും ബന്ധുവിനെയും ഇവിടേക്ക് വിളിച്ചുവരുത്തി കെണിയിലാക്കുകയായിരുന്നു.യുവതിയും മൂന്ന് സഹായികളും ചേർന്ന് ഇരുവരെയും മർദ്ദിച്ചു. വ്യവസായിയെ യുവതിക്കൊപ്പം ചേർത്തിരുത്തി നഗ്നനാക്കി ഫോട്ടോയും വീഡിയോയും എടുത്തു.വ്യവസായിയുടെ എ.ടി.എം കാർഡ്, മൊബൈൽ ഫോൺ, കാർ എന്നിവ തട്ടിയെടുത്ത സംഘം പലതവണയായി അമ്പതിനായിരം രൂപ പിൻവലിച്ചു. അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ നൽകാതായതോടെ നഗ്ന ഫോട്ടോ വ്യവസായിയുടെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. ഗത്യന്തരമില്ലാതായപ്പോഴാണ് വ്യവസായി പൊലീസിനെ സമീപിച്ചത്.വാടകയ്ക്കെടുത്ത വീട്ടിലെ ഫ്രിഡ്ജും, വാഷിംഗ് മെഷീനും തട്ടിയെടുത്തതായി കെട്ടിട ഉടമ കാക്കനാട് നിലംപതിഞ്ഞിമുഗൾ സ്വദേശിയുടെ പരാതിയും ജൂലിക്കെതിരെയുണ്ട്.

വ്യവസായിയുടെ കാറും മൊബൈൽ ഫോണും വൈറ്റിലയിൽ നിന്നും ഗൃഹോപകരണങ്ങൾ കൃഷ്ണകുമാറിന്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തി.വീട്ടുടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് നഗ്നചിത്രക്കേസും ഉത്ഭവിച്ചതെന്ന് ഇൻഫോപാർക്ക് സി.ഐ അനന്തലാൽ,എസ്.ഐ ഷാജു എന്നിവർ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി.