ലോണ്‍ നല്‍കാമെന്ന് മെസേജ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 64,000 രൂപ

0

പോപ് അപ് മെസേജില്‍ ക്ലിക്ക് ചെയ്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 64,000 രൂപ. ആലപ്പുഴയിലാണ് സംഭവം. അഞ്ചുലക്ഷം രൂപയാണ് വീട്ടമ്മ ലോണ്‍ എടുക്കാന്‍ തീരുമാനിച്ചത്. ഇതിന്‍റെ പ്രോസസിങ് ഫീസ് ഇനത്തിൽ 30,000 രൂപ ആദ്യം അടച്ചു. പിന്നീട് മറ്റ് ചാര്‍ജുകളായി 14,000 രൂപ, 20,000 രൂപ എന്നിങ്ങനെയും നല്‍കി.

ഇത്രയും തുക നല്‍കിയതിനു ശേഷവും വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ വീട്ടമ്മ നല്‍കിയ പണമെല്ലാം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തിരികെ മറുപടിയൊന്നും ലഭിക്കാതെയിരുന്നതോടെ താന്‍ തട്ടിപ്പിനിരയായ വിവരം വീട്ടമ്മ അറി‍ഞ്ഞത്. ഉടന്‍തന്നെ വീട്ടമ്മ സൈബർ സെല്ലിൽ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.

ഇത്തരത്തിലുള്ള നിരവധി വായ്പാ തട്ടിപ്പുകള്‍ ഇന്നും സജീവമാണ്. വായ്പ എടുക്കുന്നതിനു മുൻപു മാത്രമല്ല, എടുത്ത വായ്പ അടച്ചുതീർന്നിട്ടും ഭീഷണി നേരിടേണ്ടി വരുന്നവരും ഏറെയാണ്. അടച്ചു തീര്‍ന്നിട്ടും പണം ആവശ്യപ്പെടുകയും നല്‍കാത്ത സാഹചര്യത്തില്‍ ബന്ധുക്കള്‍ക്ക് നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്തു അവസാനം സൈബര്‍ സെല്ലില്‍ പരാതിപ്പെട്ട സംഭവവും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്.

ഇത്തരം വായ്പാ സൈറ്റുകളില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ അവഗണിക്കണമെന്നാണ് പൊലീസിന്‍റെ നിര്‍ദേശം. എന്തെങ്കിലും ഭീഷണി നേരിടുന്നുണ്ടെങ്കില്‍ സൈബര്‍സെല്ലില്‍ അറിയിക്കണമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.