ഗൾഫിൽ നിന്നുള്ള ഗര്‍ഭിണികളുടെ വിമാനയാത്രക്കായി നിയമപോരാട്ടം നടത്തിയ ആതിരയുടെ ഭര്‍ത്താവ് ദുബായില്‍ മരിച്ചു

0

ദുബായ്: കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ക്ക് നാട്ടില്‍ പോകാന്‍ വിമാനം അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശി ജി.എസ് ആതിരയുടെ ഭര്‍ത്താവ് നിതിന്‍ ചന്ദ്രന്‍ (28) ദുബായില്‍ മരിച്ചു. യുഎഇയിലെ മലയാളികളുടെ പ്രിയപ്പെട്ട സാമൂഹിക പ്രവർത്തകനായിരുന്നു നിഥിൻ.

ആദ്യ കൺമണിയെ ഒരു നോക്കുകാണാനാകാതെയാണ് നിഥിൻ പ്രിയപെട്ടവരെ വിട്ടുപോയത്. രക്തദാന ക്യാംപുകൾ സംഘടിപ്പിക്കുന്നതിനും നാട്ടിലടക്കം രക്തം എത്തിച്ചുനൽകുന്നതിനും അഹോരാത്രം പ്രയത്നിക്കുന്ന കേരളാ ബ്ലഡ് ഡോണേഴ്സ് സംഘടനയുടെ മുന്നണിപ്പോരാളിയായിരുന്നു മെക്കാനിക്കൽ എന്‍ജിനീയർ കൂടിയായ നിഥിൻ.

ഷാർജയിൽ സ്വകാര്യ കമ്പനിയിൽ എൻജിനിയറായ പേരാമ്പ്ര സ്വദേശി നിഥിൻ ചന്ദ്രനെ ഇന്നലെ രാവിലെ . ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്തുവെച്ചാണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. നേരത്തെ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗള്‍ഫിലെ പോഷക സംഘടനയായ ഇന്‍കാസ് യൂത്ത് വിങ്ങിലും, ബ്ലെഡ് ഡോണേഴ്സ് കേരളയിലും സജീവഅംഗമായിരുന്നു. കോവിഡ് പ്രവര്‍ത്തനങ്ങളിലും രക്തദാന ക്യാമ്പുകളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് മരണം.

യു.എ.ഇ യിൽ നിന്ന് നാട്ടിലെത്താൻ സൗകര്യമുറപ്പാക്കണമെന്നാവശ്യപ്പെട്ട് നിഥിന്റെ ഭാര്യ ആതിര ഗീതാ ശ്രീധരൻ സുപ്രീം കോടതിയിൽ നൽകിയ ഹർജി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ദുബായിലെ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന ആതിര ഏഴു മാസം ഗർഭിണിയായിരിക്കെയാണ് പ്രസവത്തിനായി നാട്ടിലെത്തണമെന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. ഗൾഫിൽ സാമൂഹികസേവന രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന നിഥിൻ ഇൻകാസ് യൂത്ത് വിംഗിന്റെ സഹായത്തോടെയാണ് സുപ്രീം കോടതിയിൽ ഭാര്യയുടെ ഹർജി സമർപ്പിച്ചത്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഒടുവിൽ പ്രത്യേക വിമാന സർവീസിന് തുടക്കമിട്ടപ്പോൾ തന്നെ ആതിരയ്ക്ക് ടിക്കറ്റ് റെഡിയായി. ആതിര അതോടെ ശ്രദ്ധാവിഷയമായിരുന്നു. ഇൻകാസാണ് അന്ന് വിമാന ടിക്കറ്റ് നൽകിയത്. പകരമെന്നോണം അർഹരായവർക്ക് പോകാനായി രണ്ടു ടിക്കറ്റ് നിഥിൻ ഇൻകാസിന് കൈമാറിയിരുന്നു.

ജൂണ്‍ അവസാനവാരം ആതിരയുടെ പ്രസവം നടക്കാനിരിക്കെയാണ് നിതിന്റെ മരണം. ദുബായ് പോലീസ് ഹെഡ് ക്വാട്ടേഴ്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വന്ദേഭാരത് ദൗത്യത്തിലെ വിമാനത്തില്‍ മൃതദേഹം കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വന്ദേഭാരത് ദൗത്യത്തിലെ വിമാനത്തില്‍ മൃതദേഹം കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബി.ഡി.കെ അംഗവും നിതിന്റെ സുഹൃത്തുമായ ഉണ്ണി പറഞ്ഞു.