ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

0

പനാജി: അമ്പതാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടന്നചടങ്ങില്‍ അമിതാഭ് ബച്ചനാണ് മേള ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നടന്‍ രജനീകാന്തിനെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നല്‍കുന്ന സുവര്‍ണ ജൂബിലി ഐക്കണ്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ അവതാരകന്‍. സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഫ്രഞ്ച് നടി ഇസബെല്ല ഹൂപ്പര്‍ട്ടിന് സമ്മാനിച്ചു.

മേളയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്.ഗോരന്‍ പാസ്‌കലേവിക് സംവിധാനംചെയ്ത ‘ഡെസ്പൈറ്റ് ഫോഗ്’ ആണ് മേളയുടെ ഉദ്ഘാടനചിത്രം. മൊഹ്സിന്‍ മക്മല്‍ബഫ് ഒരുക്കിയ ‘മാര്‍ഗി ആന്‍ഡ് ഹെര്‍ മദറാ’ണ് സമാപന ചിത്രം.

ഇന്ത്യന്‍ പനോരമയിലേക്ക് 41 ചിത്രങ്ങളാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. 26 എണ്ണം ഫീച്ചര്‍ വിഭാഗത്തിലും 15 എണ്ണം നോണ്‍ ഫീച്ചര്‍ വിഭാഗത്തിലുമായി ഇന്ത്യന്‍ പനോരമയില്‍ 41 ചിത്രങ്ങളാണ് ഇത്തവണ ജൂറി തിരഞ്ഞെടുത്തിട്ടുള്ളത്. പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍. അഭിഷേക് ഷാ സംവിധാനംചെയ്ത ഗുജറാത്തി ചിത്രം ‘ഹെല്ലരോ’ ആണ് ഫീച്ചര്‍ വിഭാഗം ഓപ്പണിങ് സിനിമ. മലയാളത്തില്‍നിന്ന് മനു അശോകന്റെ ‘ഉയരെ’, ടി.കെ. രാജീവ് കുമാറിന്റെ ‘കോളാമ്പി’ എന്നിവയുമുണ്ട്.