IIFK 2023: സമകാലിക കേരളത്തിൻ്റെ വൈവിധ്യകാഴ്ചകളുമായി 12 മലയാളചിത്രങ്ങൾ

0

വ്യക്തി, വ്യക്തിഹത്യ, ശരീരം, സ്വത്വം, പ്രതീക്ഷ തുടങ്ങിയ സമകാലിക വിഷയങ്ങൾ പ്രമേയമാക്കിയ 12 മലയാള ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ. രഞ്ജൻ പ്രമോദ് രചനയും സംവിധാനവും നിർവഹിച്ച  ആക്ഷൻ ഡ്രാമ ത്രില്ലർ ചിത്രം ഒ.ബേബി, തിയേറ്ററുകളിൽ തരംഗമായി മാറിയ മമ്മൂട്ടി-ജ്യോതിക ചിത്രം കാതൽ-ദി കോർ, ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. സുനിൽ മാലൂർ, ആനന്ദ് ഏകർഷി, വി ശരത്കുമാർ, ശ്രുതി ശരണ്യം, ഗഗൻ ദേവ് എന്നീ നവാഗതരുടെ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

പോൾസൺ സ്കറിയ-ആദർശ് സുകുമാരൻ ടീമിൻ്റെ തിരക്കഥയിൽ ജിയോ ബേബിയാണ് കാതൽ-ദി കോർ  ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തികച്ചും വൈവിധ്യമാർന്ന കഥാപാത്രമാണ് ചിത്രത്തിലെ മാത്യു. സമാധാനമുള്ള മരണം കാംക്ഷിക്കുന്ന യുവാവിൻ്റെ കഥപറയുന്ന സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ ചിത്രം, ആനന്ദ് മൊണാലിസ മരണവും കാത്ത്, വിഘ്നേഷ് പി ശശിധരൻ്റെ ഷെഹറാസാദ, ശാലിനി ഉഷാദേവി ഒരുക്കിയ എന്നെന്നും, ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം തുടങ്ങിയ ചിത്രങ്ങളും മലയാള സിനിമ ഇന്ന് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

ജാതി വിവേചനം ചർച്ച ചെയ്യുന്ന നാല് യുവ വ്ലോഗർമാരുടെ കഥയാണ് ഈ വിഭാഗത്തിലെ വി ശരത്കുമാർ ചിത്രം നീലമുടി പങ്കുവയ്ക്കുന്നത്.സ്ത്രീകളുടെ ശരീര രാഷ്ട്രീയത്തേയും സ്വവർഗരതിയേയും സൂക്ഷ്മമായും സഹാനുഭൂതിയോടെയും അവതരിപ്പിക്കുന്ന ബി 32 മുതൽ 44 വരെ എന്ന ചിത്രവും ഈ വിഭാഗത്തിൽ  പ്രദർശിപ്പിക്കും. ശ്രുതി ശരണ്യമാണ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പുരസ്‌കാരം നേടിയ ഈ ചിത്രത്തിന്റെ സംവിധായിക. 

റിനോഷൻ സംവിധാനം ചെയ്ത ഫൈവ് ഫസ്റ്റ് ഡേറ്റ്സ്, ഗഗൻ ദേവിൻ്റെ ആപ്പിൾ ചെടികൾ, പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ദായം, സുനിൽ മാലൂരിൻ്റെ വലസൈ പറവകൾ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.