മഹാത്മാ ഗാന്ധി ‘ആത്മഹത്യ’ ചെയ്തത് എങ്ങനെ? ഗുജറാത്തിൽ സ്കൂൾ കുട്ടികൾക്കായി നടത്തിയ പരീക്ഷയിൽ ചോദ്യം

അഹമ്മദാബാദ്∙ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ‘ആത്മഹത്യ’ ചെയ്തത് എങ്ങനെയെന്ന് ഗുജറാത്തിൽ സ്കൂൾ കുട്ടികൾകക്കായി നടത്തിയ പരീക്ഷയിൽ ചോദ്യം. സുഫലാം ശാലാ വികാസ് ശാൻഗൂലിന്റെ കീഴിൽ 9–ാം ക്ലാസ് വിദ്യാർഥികൾക്കായി നടത്തിയ പരീക്ഷയിലാണ് ചോദ്യം ഉണ്ടായിരുന്നത്. ഈ ചോദ്യം ആകെ വിവാദമായിരിക്കുകയാണ്. ചോദ്യത്തിനുനേരെ കടുത്ത പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.. ഇതേ തുടർന്ന് അന്വേഷണം ആരംഭിച്ചു.

മദ്യവിൽപന കൂടിവരുന്ന സാഹചര്യത്തിലും മദ്യക്കടത്തുകാരുടെ ശല്യത്തെക്കുറിച്ചും ജില്ലാ പൊലീസ് മേധാവിക്കു കത്തെഴുതാമോയെന്നും ചോദ്യമുണ്ട്. 12–ാം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷയിലാണ് ഈ ചോദ്യമുള്ളത്. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു ചോദ്യം പരീക്ഷയിൽ ഉൾപ്പെടുത്തിയതും വിവാദമായി.ശനിയാഴ്ചയാണ് ചില സ്വാശ്ര‌യ സ്കൂളുകളിൽ നടത്തിയ പരീക്ഷയില്‍ ഇത്തരം ചോദ്യങ്ങൾ ഉൾപ്പെട്ടതെന്ന് അധികൃതരും സ്ഥിരീകരിച്ചു.

അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും ഗാന്ധിനഗർ ജില്ലാ വിദ്യാഭ്യാസ ഓഫിസർ ഭാരത് വധേർ പ്രതികരിച്ചു. പരീക്ഷയ്ക്കായുള്ള ചോദ്യങ്ങൾ സ്കൂൾ മാനേജ്മെന്റാണു തയാറാക്കുന്നതെന്നാണ് അധികൃതരുടെ നിലപാട്. ഗാന്ധിനഗറിൽ സർക്കാരിന്റെ ആനുകൂല്യങ്ങളോടെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വാശ്രയ സ്കൂളുകളുമാണ് സുഫലാം ശാലാ വികാസ് ശാൻഗൂലിന്റെ പരിധിയിൽ വരുന്നത്.