അല്‍കോബാര്‍: പേപ്പര്‍ ഗ്ലാസുകള്‍ കൊണ്ട് നിമിഷങ്ങള്‍ കൊണ്ട് പിരമിഡ് തീർത്ത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിൽ ഇടം നേടി അല്‍കോബാറിലെ പ്രവാസി മലയാളി വിദ്യാര്‍ഥി ബദര്‍ നുഫൈല്‍.15 വര്‍ഷത്തിലധികമായി അല്‌കോബാറിലെ റാക്കയില്‍ താമസിക്കുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട നടക്കല്‍ സ്വദേശികളായ മുജീബു ദ്ധീന്‍ – ഷാലിന്‍ ദമ്പതികളുടെ ഒന്‍പതുകാരനായ മകന്‍ ബദര്‍ നുഫൈ ലാണ് 3 മിനിറ്റ് 22 സെക്കന്റ് കൊണ്ട് 105 പേപ്പര്‍ ഗ്ലാസുകള്‍ കൊണ്ട് പിരമിഡ് തീര്‍ത്ത് 6 മിനിറ്റില്‍ 69 ഗ്ലാസ് എന്നത് തിരുത്തി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതര്‍ നൂഫൈലിന് റെക്കോര്ഡ് സാക്ഷ്യ പത്രം, മെഡല്‍ ,ഉപഹാരങ്ങള്‍ എന്നിവ സമ്മാനിച്ചു. അല്‍കോബാര്‍ കൊസാമ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് നുഫൈൽ.
കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഒഴിവ് വേളകളില്‍ യൂട്യൂബില്‍ കണ്ട ക്രിയേറ്റീവ് വീഡിയോകളില്‍ നിന്നും ലഭിച്ച പ്രചോദനം, അതോടൊപ്പം മാതാപിതാക്കളുടെ പ്രോത്സാഹനം എന്നിവ ഈ നേട്ടത്തിന് പിന്നില്‍ ഉണ്ടെന്നും നുഫെയില്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്തെ കുട്ടികളുടെ കേവല വിനോദമായി ആദ്യം കണ്ടെങ്കിലും തുടര്‍ച്ചയായി മകന്‍ നുഫൈല്‍ പ്രകടിപ്പിച്ച ആവേശവും കഠിന പരിശ്രമവും ആണ് ഈ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കൊര്‍ഡ്‌സ് അധികൃതര്‍ക്ക് അയച്ചു കൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു അല്‍കോബാറിലെ പ്രവാസി സംരഭാകനായ പിതാവ് മുജീബ് പറഞ്ഞു.പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൂന്ന് ആഴ്ചകള്‍ കൊണ്ട് നുഫൈലിന്റെ ഗ്ലാസ് പിരമിഡ് ഇന്ത്യ ബുക്ക് ഓഫ് റെക്കൊര്‍ഡ്‌സ് അവരുടെ റെക്കോര്ഡ് പട്ടികയില്‍ ചേര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.