കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ

0

ഡൽഹി: ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡക്ക് മറുപടി നൽകി ഇന്ത്യ. മുതിർന്ന കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. ഇന്ത്യ വിരുദ്ധ നടപടിക്കാണ് കേന്ദ്രസർക്കാരിന്റെ മറുപടി. അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.

കാനഡയിലെ സിഖ് നേതാവ് ഹർദീപ് സിംഗ് ഹിജ്ജാർ കൊലപാതക കേസിന് പിന്നിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. ഹർ‍ദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രി പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്. ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നിൽ വെച്ച് ഹർദീപ് സിംഗ് വെടിയേറ്റ് മരിച്ചത്.

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കാനഡയുടെ ആരോപണങ്ങൾ തള്ളി ഇന്ത്യ രംഗത്തെത്തിയിരുന്നു. കാനഡയിലെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ട്രൂഡോയെ അറിയിച്ചിരുന്നു. ഖലിസ്ഥാൻ ഭീകരർക്ക് കാനഡ താവളം ഒരുക്കുന്നുവെന്നും ഇന്ത്യ വിമർശിച്ചിരുന്നു. കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയം ട്രൂഡോ കനേഡിയൻ പാർലമെന്റിൽ പറഞ്ഞിരുന്നു. പിന്നാലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തു. ഇന്ത്യൻ എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് കാനഡ പുറത്താക്കിയത്. ഇതിന് മറുപടിയായാണ് ഇന്ത്യയും കാനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയത്.