ടൈറ്റാനിക് തകരാനിടയാക്കിയത് താപപ്രതിഭാസം മൂലമുണ്ടായ മരീചികയെന്ന് പഠനം

0

ടൈറ്റാനിക് ദുരന്തമുണ്ടായിട്ട് ഇന്നേയ്ക്ക് 112 വര്‍ഷം. മഞ്ഞുമലയില്‍ ഇടിച്ച് ആഡംബര കപ്പല്‍ തകരാനിടയായത് താപപ്രതിഭാസം മൂലമുണ്ടായ മരീചിക മൂലമാണെന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍. അതിജീവിതരുടെ മൊഴികളെ ആധാരമാക്കി നടത്തിയ ഈ പഠന റിപ്പോര്‍ട്ട് ഇന്നലെയാണ് സണ്‍ഡെ ടൈംസ് പുറത്തുവിട്ടത്.

1912 ഏപ്രില്‍ 10 നാണ് ടൈറ്റാനിക് എന്ന ആഡംബരക്കപ്പല്‍ ഇംഗ്ലണ്ടിലെ സൗത്ത് ഹാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് കന്നിയാത്ര ആരംഭിച്ചത്. 2,224 യാത്രികര്‍. 1912 ഏപ്രില്‍ 14 രാത്രി 11.40ന് കപ്പല്‍ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്നു. രണ്ടു മണിക്കൂര്‍ 40 മിനിറ്റിനുള്ളില്‍ കപ്പല്‍ മുങ്ങി. 1500ഓളം പേര്‍ മരിച്ചു.

മഞ്ഞുമലയില്‍ ടൈറ്റാനിക് ഇടിക്കാന്‍ കാരണമായത് എന്താണെന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ വിശദീകരണം ലഭ്യമായിരുന്നില്ല. ദുരന്തസമയത്ത്, തെളിഞ്ഞതും മൂടല്‍മഞ്ഞില്ലാത്തതുമായ അന്തരീക്ഷമായിരുന്നു എന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. ചക്രവാളം മൂടല്‍മഞ്ഞിനാല്‍ മറഞ്ഞിരുന്നതിനാല്‍ മഞ്ഞുമല വ്യക്തമല്ലായിരുന്നുവെന്നാണ് ജീവനക്കാരുടെ വാദം.

എന്നാല്‍ ഇത് മൂടല്‍മഞ്ഞ് ആയിരുന്നില്ല മറിച്ച് ഒരു മരീചിക ആയിരുന്നുവെന്നാണ് അതിജീവിതരുടെ മൊഴികള്‍ പരിശോധിച്ച് വിദഗ്ധര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അന്തരീക്ഷ താപനിലയിലുണ്ടായ ഒരു പ്രതിഭാസമാണ് മരീചികയ്ക്ക് കാരണമായത്. പ്രകാശകിരണങ്ങള്‍ അപവര്‍ത്തനം മൂലം വളയുകയും വിദൂര വസ്തുക്കളുടെ സ്ഥാനം മാറിയപോലെ അനുഭവപ്പെടുകയും ചെയ്തു. കപ്പല്‍ ജീവനക്കാര്‍ മുകളില്‍ നിന്നു നോക്കുമ്പോള്‍ യഥാര്‍ത്ഥ ചക്രവാളത്തിനും റിഫ്രാക്റ്റഡ് ചക്രവാളത്തിനും ഇടയിലുള്ള സ്‌പേസ് മൂടല്‍മഞ്ഞുപോലെ അനുഭവപ്പെടുകയും മുന്നില്‍ ഇരുണ്ട നിലയില്‍ കാണപ്പെട്ട മഞ്ഞുമല ശ്രദ്ധിക്കാതെ പോകുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍. 112 വര്‍ഷങ്ങള്‍ക്കുശേഷമാണ് എന്തുകൊണ്ടാണ് മഞ്ഞുമല കപ്പല്‍ ജീവനക്കാരുടെ കണ്ണില്‍ പെടാതിരുന്നതെന്നതിന് ശാസ്ത്രീയമായ ഒരു വിശദീകരണം വരുന്നത്.