ഡീപ് ഫേക്ക്: ‘ഒരു ലക്ഷം യൂറോ’ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

0

റോം: ഡീപ് ഫേക് സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്‍റേതെന്ന് തെറ്റിദ്ധരിപ്പിക്കും വിധമുള്ള അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവരിൽ നിന്ന് ഒരു ലക്ഷം യൂറോ(9041139.65 രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഈ തുക ഗാർഹിക പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കു വേണ്ടിയുള്ള മന്ത്രാലയത്തിന്‍റെ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്നും മെലോനി വ്യക്തമാക്കി. മെലോനിക്കു വേണ്ടി ഹാജരായ അറ്റോണി മരിയ ജ്യൂലിയ മാരോങ്കിയു ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മെലോനിക്കെതിരേയുള്ള കുറ്റകൃത്യം അതീവ ഗൗരവമേറിയതാണ്. വ്യാജമായി നിർമിച്ച അശ്ലീല ഫോട്ടോകൾ ഓൺലൈനിലൂടെ പ്രചരിപ്പിക്കുന്നത് ഏതൊരു സ്ത്രീയുടെയാണെങ്കിലും അവരുടെ വ്യക്തി ജീവിതത്തെയും സാമൂഹിക പദവിയെയും ബാധിക്കുന്നതാണന്നും മരിയ വ്യക്തമാക്കി.

നഷ്ടപരിഹാരം ആവശ്യപ്പെടുന്നതിലൂടെ ഇത്തരത്തിൽ ഇരകളാക്കപ്പെട്ടിട്ടും പ്രതിരോധിക്കാനാകാതെ പോകുന്ന സ്ത്രീകൾക്ക് ബോധവത്കരണം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അറ്റോണി പറയുന്നു. 2020ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അന്ന് മെലോനി ഇറ്റലിയുടെ പ്രധാനമന്ത്രിയല്ല. ബ്രദേഴ്സ് ഒഫ് ഇറ്റലി പാർട്ടിയുടെ മേധാവിയായിരുന്നു. മെലോനിയുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അശ്ലീല ഫോട്ടോകൾ യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു അശ്ലീല സൈറ്റിലാണ് അപ് ലോഡ് ചെയ്തിരുന്നത്.

ദശലക്ഷക്കണക്കിന് പേരാണ് ആ ചിത്രങ്ങൾ കണ്ടത്. വിശദമായ അന്വേഷണത്തിൽ ചിത്രങ്ങൾ നിർമിച്ച 73 കാരനെയും അയാളുടെ 40 വയസുള്ള മകനെയും പൊലീസ് പിടികൂടിയിരുന്നു. ഒരു അശ്ലീല സിനിമാ താരത്തിന്‍റെ മുഖം മാറ്റിയാണ് മെലോനിയുടെ മുഖം ചേർത്തിരുന്നത്.