ദിലീപിന്റെ കരിയറിലെ ഹിറ്റ് സിനിമയും കഥാപാത്രവുമായിരുന്നു മീശ മാധവൻ. ഗ്രാമീണ ഭംഗിയുടെ പശ്ചാത്തലത്തിൽ മീശമാധവനെന്ന പ്രാദേശിക കള്ളന്റെ കഥ ലാൽ ജോസ് പറഞ്ഞവതരിപ്പിച്ചപ്പോൾ അതിൽ ഒരു പുതുമയും പ്രസരിപ്പുമൊക്കെ ഉണ്ടായിരുന്നു. പക്ഷെ പിന്നീട് വന്ന ദിലീപിന്റെ ക്രേസി ഗോപാലൻ പോലുള്ള കള്ളൻ വേഷങ്ങളിൽ ഒന്നും തന്നെ അപ്പറഞ്ഞ കഥയോ കാമ്പോ അവതരണ മികവോ ഉണ്ടായില്ല. ജാക്ക് ആൻഡ് ഡാനിയലിന്റെ കാര്യത്തിലും ഏറെക്കുറെ അത് തന്നെയാണ് അവസ്ഥ.

ഡാനിയൽ അലക്‌സാണ്ടർ എന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷം അർജ്ജുൻ നല്ല സ്റ്റൈലായിട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അർജ്ജുന്റെ തന്നെ ഈ അടുത്തിറങ്ങിയ തമിഴ് സിനിമ ‘കൊലൈഗാര’നിലെ ഡി.സി.പി വേഷത്തെ പല സീനുകളിലും ഓർമ്മിപ്പിക്കുന്നുണ്ട് ഡാനിയൽ എന്ന കഥാപാത്രം. ദിലീപ്-അർജ്ജുൻ കോമ്പിനേഷൻ സീനുകൾ നന്നായിരുന്നു.

അഞ്ജു കുര്യനു നായികാ പട്ടം കൊടുക്കുന്ന സിനിമ എന്നതിനപ്പുറം സുസ്മിത എന്ന കഥാപാത്രത്തിന് സിനിമയിൽ വലിയ സ്‌പേസ് ഒന്നുമില്ല. ഉള്ള സീനുകളിൽ തന്നെ പലയിടത്തും ഒരു ബാധ്യതയായി മാറുന്നുമുണ്ട് അഞ്ജു കുര്യന്റെ സുസ്മിത.

കായകുളം കൊച്ചുണ്ണി തൊട്ടിങ്ങോട്ടുള്ള എല്ലാ നന്മ നിറഞ്ഞ കള്ളന്മാരുടെയും ലൈനിൽ തന്നെയാണ് ജാക് എന്ന കള്ളനെയും അവതരിപ്പിക്കുന്നത്. രാഷ്ട്രീയക്കാർ കോഴയായി വാങ്ങുന്ന കണക്കിൽപ്പെടാത്ത കള്ളപ്പണം അടിച്ചു മാറ്റി നന്മ ചെയ്യുക എന്നതാണ് ജാക്കിന്റെ ലൈൻ. പക്ഷേ അതിന്റെ കാരണമായി സിനിമ പറയുന്ന കാര്യങ്ങളൊക്കെ യാതൊരു വിധ ലോജിക്കുമില്ലാത്തതാണ്.

അവഗണന നേരിടുന്ന പട്ടാളക്കാർക്കും അവരുടെ കുടുംബത്തിനും വേണ്ടി, അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ പണം അടിച്ചുമാറ്റുന്ന ഒരു ഹൈടെക്ക് കള്ളൻ എന്ന വൺലൈനിൽ തന്നെയുണ്ട് ഇ സിനിമയുടെ പരിമിതികളും പരാധീനങ്ങളും.

പോലീസുകാർ മൊത്തം കോമാളികളും പൊട്ടന്മാരുമാകുകയും, കേരളാ മുഖ്യമന്ത്രി തൊട്ടു മന്ത്രി സഭയിലെ മൊത്തം മന്ത്രിമാരും അഴിമതി നടത്തി കള്ളപ്പണം അടിച്ചു കൊണ്ട് പോകാൻ നിക്കുന്നവരുമൊക്കെയായി മാറുന്ന സിനിമയിൽ യുക്തിക്ക് ലവലേശം പ്രാധാന്യം പോലും കൊടുക്കുന്നില്ല സംവിധായകൻ.

സ്ഥിരം പോലീസ്-കള്ളൻ സിനിമകളിലെ കാഴ്ചകളും ചേസിങ്ങുകളും ട്വിസ്റ്റികളുമൊക്കെ തന്നെയാണ് ‘ജാക് ആൻഡ് ഡാനിയ’ലിലുമുള്ളത്. അത് കൊണ്ട് തന്നെ ആസ്വാദനത്തിൽ പുതുമക്കും ത്രില്ലിനുമൊന്നും പ്രസക്തിയില്ല. ഫ്ലാഷ് ബാക്ക് സീനുകളൊക്കെ യാതൊരു വിധ ഫീലുമില്ലാതെയാണ് എടുത്തിരിക്കുന്നത്. ക്ലൈമാക്സ് സീനുകളൊക്കെ പരമാവധി കത്തിയാക്കിയും അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ.

ഇഷ്ടപ്പെട്ടു ഞാൻ എടുക്കുന്നു എന്ന് കത്തെഴുതി വച്ച് പോകുന്ന ക്രേസി ഗോപാലന്റെ വകയിലെ ഒരു ഏട്ടനെ പോലെ മോഷണത്തിനു ശേഷം അടിച്ചു മാറ്റിയ തുകയുടെ കണക്കും കഥയും എഴുതി വെക്കുന്നുണ്ട് ജാക്ക്. ബാങ്ക് കൊള്ളയടിച്ച ശേഷം കാറിലും ബൈക്കിലുമൊക്കെ പറ പറക്കുന്ന ധൂമിലെ കൊള്ളയടി സീനിന്റെ മലയാള രംഗാവിഷ്‌ക്കാരവും, പീറ്റർ ഹെയ്നിനെ അതിഥി വേഷം കെട്ടിച്ചു കോമഡി കളിപ്പിക്കാൻ നോക്കിയതും, മായാമോഹിനിയെ പർദ്ദയിടിപ്പിച്ചു പുനരവതരിപ്പിച്ചതുമടക്കം പല കല്ലുകടികളും ഉണ്ട് ജാക്ക് ആൻഡ് ഡാനിയലിൽ. എങ്കിലും പങ്കിലും ഒരു വട്ടം ചുമ്മാ കാണാവുന്ന ഒരു സിനിമ.

മീശ മാധവനോളം നല്ലൊരു കള്ളൻ സിനിമ അല്ലെങ്കിലും ക്രേസി ഗോപാലനെക്കാൾ മെച്ചപ്പെട്ടൊരു കള്ളൻ സിനിമ എന്ന നിലക്ക് മാത്രം ആശ്വാസം തരുന്നുണ്ട് ‘ജാക് ആൻഡ് ഡാനിയൽ’. ദിലീപ് -അർജ്ജുൻ കോമ്പോ തന്നെയാണ് അതിന്റെ പ്രധാന കാരണം.